വിവാഹത്തിനുള്ള സ്വർണവും പണവും മറന്നു പോകുന്നതും നഷ്ടപ്പെടുന്നതും അത് കിട്ടിയ പല നല്ല മനസ്സുകൾ അത് തിരിച്ചു കൊടുക്കുന്നതുമായ ധാരാളം വാർത്തകൾ നമ്മൾ കാണാറുള്ളതാണ് . സംവിധായകനും നടനുമായ നാദിർഷയ്ക്കും കുടുംബത്തിനും ഇപ്പോൾ ഈ അവസ്ഥ നേരിട്ടിരിക്കുകയാണ് . നാദിർഷായുടെ മകളുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു . വിവാഹാഘോഷങ്ങൾ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ സജീവമാണ് . എന്നാൽ റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ സന്തോഷം നഷ്ടമാകാതിരുന്നത് .
മകൾ ആയിഷയുടെ നിക്കാഹിനായി വ്യാഴാഴ്ച രാവിലെയാണ് നാദിര്ഷയും കുടുംബവും മലബാർ എക്സ്പ്രസ്സിൽ കാസർഗോഡ് എത്തിയത്. ട്രെയിനിൽ നിന്നും ഇറങ്ങിയതിന് ശേഷമാണ് മനസിലായത് സ്വർണമടങ്ങിയ പെട്ടി നഷ്ടപ്പെട്ടു എന്ന് . എന്നാൽ ട്രെയിൻ അപ്പോഴേക്കും അവിടെ നിന്നും പുറപ്പെട്ടിരുന്നു.
ഉടൻ തന്നെ നാദിർഷ കാസർഗോഡ് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സുമായി ഫോണിൽ ബന്ധപ്പെട്ടു . ബാഗ് മറന്നു വച്ചത് എ 1 കോച്ചിലായിരുന്നു . റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് , ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറും ബാച്ച് ഇൻ ചാർജുമായ എം. മുരളീധരനെ വിവരം കൈമാറി . സീറ്റിനടിയിൽ നിന്നും കാസർഗോഡിനും കുമ്പളയ്ക്കും ഇടയിൽ എത്തിയപ്പോൾ സ്വർണം അടങ്ങിയ ബാഗ് കണ്ടെത്തി . കോച്ചിൽ മറ്റാരും ഇല്ലാതിരുന്നതാണ് ഈ സമയം ഭാഗ്യം ആയത് .ട്രെയിനിൽ സ്പെഷ്യൽ ചെക്കിങ്ങിനായി വന്ന ആർ.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോൺസ്റ്റബിൾ സുരേശനും ചേർന്ന് ബാഗ് തിരികെ ഏൽപ്പിച്ചു. ട്രെയിൻ മംഗലാപുരത്തു എത്തിയപ്പോൾ റോഡ് മാർഗ്ഗം വന്ന നാദിർഷായുടെ ബന്ധു ബാഗ് കൈപ്പറ്റുകയായിരുന്നു.