മൈഥിലി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു നടി. സോഷ്യല്‍ മീഡിയയിലും അത്ര സജീവമായിരുന്നില്ല. താരം എവിടെയെന്നായിരുന്നു ഉയര്‍ന്ന ചോദ്യം. ഇപ്പോള്‍ മൈഥിലി വിവാഹിതയായിരിക്കുകയാണ്. ആര്‍ക്കിടെക്റ്റ് ആയ സമ്പത്ത് ആണ് വരന്‍. വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. വൈകിട്ട് കൊച്ചിയില്‍ സിനിമ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ നടത്തും.
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ ഉണ്ണിയാണ് മൈഥിലിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വിവാഹത്തിന്റെ വീഡിയോയും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. തുളസിമാലയും താമരപ്പൂവും അണിഞ്ഞ് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മൈഥിലിയുടേയും ഭര്‍ത്താവിന്റെയും ചിത്രവും ഉണ്ണി പോസ്റ്റ് ചെയ്തിരുന്നു.
മൈഥിലിയുടെ യഥാര്‍ഥ പേര് ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ്. പത്തനംതിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.