കഴിഞ്ഞ ഡിസംബര്‍ 24 നായിരുന്നു മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്തത്. മലയാള സിനിമയിലെ തന്നെ ആദ്യ മുഴുനീള സൂപ്പര്‍ ഹീറോയാണ് മിന്നല്‍ മുരളി. കുറുക്കന്‍ മൂലയിലെ ജെയ്സണ്‍ എന്ന സാധാരണക്കാരന്‍ മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ ആകുന്നതും ഈ സംഭവം അവന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിനെ കുറിച്ചുമാണ് സിനിമ വിവരിക്കുന്നത്. ചിത്രത്തിനെ പുകഴ്ത്തി നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ മോട്ടോര്‍ വാഹനവകുപ്പുമായി കൈകോര്‍ത്ത് മിന്നല്‍ മുരളി. മിന്നല്‍ പോലെ റോഡിലൂടെ ചീറിപ്പാഞ്ഞ് പോകുന്നവര്‍ക്ക് താക്കീതുമായാണ് മോട്ടോര്‍ വാഹനവകുപ്പിനൊപ്പം മിന്നല്‍ മുരളിയും എത്തിയിരിക്കുന്നത്. റോഡ് യാത്രക്കാര്‍ക്ക് അവബോധം നല്‍കുന്ന വീഡിയോ ടൊവിനോ ഫേസ്ബുക്കില്‍ പങ്കുവെച്ചു. അമിത വേഗതയില്‍ എത്തുന്ന യാത്രക്കാരെ തടഞ്ഞുനിര്‍ത്തി എം.വി.ഡി ഉദ്യോഗസ്ഥര്‍ ലൈവായി മിന്നല്‍ മുരളിയുടെ ഉപദേശം കേള്‍പ്പിക്കുന്നതാണ് വീഡിയോയില്‍.
ഇവിടെ ഒരു മിന്നല്‍ മുരളി മതിയെന്നും, മേലാല്‍ ആവര്‍ത്തിക്കരുതെന്നും, തന്റെ കഞ്ഞിയില്‍ പാറ്റ ഇടരുതെന്നുമാണ് എം.വി.ഡി കാണിച്ചു കൊടുക്കുന്ന ടാബില്‍ മിന്നല്‍ മുരളി ലൈവായി അമിത വേഗതയില്‍ എത്തിയവരോട് പറയുന്നത്. സിനിമയുടെ സ്വാധീനശേഷിയും ജനകീയതയും പരിഗണിച്ചുകൊണ്ടാണ് മിന്നല്‍ മുരളിയുടെ കൈകോര്‍ക്കാന്‍ എം.വി.ഡി രംഗത്തെത്തിയത്. റിലീസിന് മുന്നേ തന്നെ മിന്നല്‍ മുരളിയുടെ കേരള പൊലീസ് വേര്‍ഷന്‍ ഇറങ്ങിയിരുന്നു. മിന്നല്‍ മുരളി എന്ന സിവില്‍ പൊലീസ് ഓഫീസറായിരുന്നു കേരള പൊലീസിന്റെ വേര്‍ഷനിലെ നായകന്‍. മോഷണം തടയുകയും, പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്‍മാരെ പിടിക്കുകയും ഗുണ്ടകളെ ഒതുക്കുകയയും ചെയ്യുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇതില്‍ അവതരിപ്പിച്ചിരുന്നത്.