മലയാളികൾക്ക് ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ച രവീന്ദ്രൻ മാസ്റ്റർ അനശ്വരതയിലേക്ക് മറഞ്ഞിട്ട് 16 വർഷം തികയുന്നു. കാതുകൾ കീഴടക്കുന്ന ഗാനങ്ങൾ നിർമ്മിച്ച് മലയാള ചലച്ചിത്ര ഗാന ശാഖയെ സമ്പന്നമാക്കിയ സംഗീതജ്ഞനാണ് അദ്ദേഹം. ഒരുപാട് പ്രതിഭകൾ വേറെ ഉണ്ടായിട്ടും രവീന്ദ്രൻ മാസ്റ്ററെ വേറിട്ട് നിർത്തിയത് അദ്ദേഹത്തിന്റെ ഗാംഭീര്യമുള്ള ഈണങ്ങളുടെ സൃഷ്ടിയാണ്. യൗവനവും ബാല്യവും ദാരിദ്ര്യത്തിൽ മുങ്ങിയപ്പോഴും സംഗീതത്തെ കൈവിടാതെ ചേർത്തുപിടിച്ചിരുന്നു അദ്ദേഹം. കുളത്തൂപ്പുഴ രവിയെ സംഗീതജ്ഞനായ രവീന്ദ്രൻ മാസ്റ്റർ ആക്കി മാറ്റിയത് സംഗീത കോളേജിലെ പഠനമാണ്. സിനിമയിലേക്ക് രവീന്ദ്രൻ മാസ്റ്ററെ എത്തിച്ചത് സഹപാഠിയായ യേശുദാസുമായുള്ള കൂട്ടുകെട്ടാണ്. ശേഷം ചലച്ചിത്രരംഗത്ത് ഈ രണ്ട് ഇതിഹാസങ്ങൾ ചേർന്ന് സമ്മാനിച്ചത് ഗാനഗന്ധർവ്വങ്ങൾ ആയിരുന്നു.
രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തെ മലയാളികൾ ആദ്യമായി കേൾക്കുന്നത് 1979 ൽ ശശികുമാർ സംവിധാനം ചെയ്ത ചൂളയെന്ന ചിത്രത്തിലൂടെയാണ്. പിന്നീടങ്ങോട്ട് ആരെയും വിസ്മയിപ്പിക്കുന്ന, ആകർഷിക്കുന്ന ഒരുപാട് ഗാനങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു. രവീന്ദ്രൻ മാസ്റ്ററുടെ സംഗീത മാന്ത്രികത പിന്നീട് അമരം, ഭരതം, ഹിസ്‌ഹൈനസ് അബ്‌ദുള്ള, ആറാം തമ്പുരാൻ, സൂര്യഗായത്രി, വടക്കുംനാഥൻ എന്നിങ്ങനെ ഒരുപാട് ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്നിട്ടുണ്ട്. ചലച്ചിത്രഗാനങ്ങളിൽ നിന്ന് പിൻവലിഞ്ഞ തന്നെ ഹിസ്‌ഹൈനസ് അബ്‌ദുള്ളയിലെ പ്രമദവനം എന്ന പാട്ട് പാടിച്ചു തിരിച്ചുകൊണ്ടുവന്നതും എല്ലാ സ്വാതന്ത്ര്യവും തന്ന് കൂടുതൽ ഉയരങ്ങളിലേക്ക് തന്നെ പറത്തിവിട്ടതും പ്രതിഭാശാലിയായ രവിയാണ് എന്ന് കെ ജെ യേശുദാസ് പറഞ്ഞു. ഗാനഗന്ധർവന്റെ പാട്ടുകളിലൂടെ ഒരു യാത്ര നടത്തിയാൽ മതി രവീന്ദ്രൻ മാസ്റ്ററെ കുറിച്ചുള്ള അറിവ് പൂർത്തിയാവാൻ. രവീന്ദ്രൻ മാസ്റ്റർ തന്നെയാണ് യേശുദാസ് എന്ന പ്രതിഭയുടെ ആലാപനത്തിന്റെ വിവിധ തലങ്ങളെ മലയാളികൾക്ക് പരിചിതമാക്കികൊടുത്തത്.
പ്രമദവനം, ഹരിമുരളീരവം, കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ, ഗംഗേ, ദീനദയാലൂ രാമാ എന്നീ പാട്ടുകൾ എടുത്താൽ തന്നെ അറിയാം ഏറ്റവും മനോഹരമായ ഈണവും അതിനു ഉചിതമായ ശബ്ദവും നൽകി വളരെയധികം മനോഹാരിത ചാലിച്ചാണ് മാസ്റ്റർ ഓരോ പാട്ടും ശ്രോതാക്കൾക്ക് നൽകുന്നത്. അദ്ദേഹത്തിന്റെ ഓരോ പാട്ടുകളും മാന്ത്രികതയുള്ളതും വിസ്മയം ജ്വലിപ്പിക്കുന്നതുമാണ്. രവീന്ദ്രൻ മാസ്റ്റർ 2000 ൽ അധികം ചിത്രങ്ങൾക്ക് വേണ്ടി ഈണം നൽകിയിട്ടുണ്ട്. 1991 ൽ ഭരതം എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡും ഇതേ ചിത്രത്തിലൂടെ 1992 ൽ ദേശീയ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. നന്ദനം എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് 2002 ൽ സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 2005 മാർച്ച് മൂന്നിന് ചെന്നൈയിൽ വച്ചായിരുന്നു അദ്ദേഹം മരണമടഞ്ഞത്.