മലയാളികൾക്ക് പ്രിയങ്കരിയായി മുക്ത തന്റെ മകൾ ജനിച്ചതു മുതൽ അവളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ കുഞ്ഞ് ഉപയോഗിച്ച സാധനങ്ങളും അവൾ ചെയ്ത ഓരോ പ്രവർത്തിയുടെ ഫോട്ടോയും വീഡിയോകളും ശേഖരിച്ചു വെച്ചിരിക്കുകയാണ് മുക്ത. മകളുടെ പതിനെട്ടാം പിറന്നാൾ ദിനത്തിൽ ഇതൊക്കെ അവൾക്ക് സമ്മാനിക്കുമെന്നാണ് മുക്ത പറഞ്ഞിട്ടുള്ളത്. മകൾക്ക് സമ്മാനിക്കാൻ ഇതാ ഒരു വീഡിയോ കൂടി ലഭിച്ചിരിക്കുകയാണ്.
ഇപ്പോൾ മുക്ത ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത് തന്റെ മകൾ ആദ്യമായി സ്റ്റേജിൽ ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോയാണ്. മുക്ത ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് കുഞ്ഞിന്റെ ഡാൻസ് കാണുന്ന അമ്മയുടെയും അച്ഛന്റെയും സന്തോഷം പങ്കുവെച്ചുകൊണ്ടാണ്.
മുക്തയുടെ മകൾ ആദ്യമായി ഡാൻസ് ചെയ്തിരിക്കുന്നത് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഡാൻസ് സീസൺ ഫോറിന്റെ വേദിയിലാണ്. ബാർബി ഗേൾ എന്ന പാട്ടിന് തന്റെ കൊച്ചമ്മയായ റിമി ടോമിയ്ക്കൊപ്പമാണ് കണ്മണി ഡാൻസ് ചെയ്തത്. ഇത് വളരെയധികം സന്തോഷം നൽകിയ നിമിഷമാണെന്നും ഞങ്ങൾ വളരെ അനുഗ്രഹീതരാണെന്നും മുക്ത വീഡിയോയ്ക്കൊപ്പം കുറിച്ചു. മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹം നടന്നത് 2015ലാണ്. 2016ലാണ് ഇവരുടെ ജീവിതത്തിലേക്ക് കണ്മണി എത്തിയത്. ഒരിടവേളയ്ക്ക് ശേഷം മുക്ത ഇപ്പോൾ ടെലിവിഷനിലൂടെ വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്.