ശക്തിമാൻ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് മുകേഷ് ഖന്ന. എന്നാൽ സോഷ്യൽ മീഡിയയിൽ താൻ മരിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. അദ്ദേഹം പ്രതികരിച്ചിരിക്കുന്നത് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ്. ഇപ്പോള്‍ വരുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും തനിക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് അറിയിക്കാനാണ് ഞാനെത്തിയിരിക്കുന്നത്. നിങ്ങളുടെ അനുഗ്രഹത്താൽ ഞാൻ ഏറെ ആരോഗ്യത്തോടെയും സുരക്ഷിതനായും ഇരിക്കുന്നു. എനിക്ക് കോവിഡ് ഇല്ല, ഞാൻ ആശുപത്രിയിലുമല്ല, ആരാണ് ഇത് പ്രചരിപ്പിച്ചതെന്നും ഇത്തരക്കാര്‍ക്ക് പിന്നിലെ ഉദ്ദേശമെന്തെന്നും എനിക്കറിയില്ല. ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളിക്കളയണം. മനുഷ്യരുടെ വികാരങ്ങൾ കൊണ്ടാണ് അവർ കളിക്കുന്നത്. നിങ്ങളുടെ ആശങ്കകൾക്ക് നന്ദി. നിരവധി ഫോൺ കോളുകളാണ് എനിക്ക് ഇതിനകം ലഭിക്കുന്നത്. അതുകൊണ്ടാണ് എനിക്ക് പ്രശ്നമൊന്നുമില്ലെന്ന് ഇപ്പോൾ ഞാൻ അറിയിക്കുന്നത്. ഇത്തരക്കാര്‍ക്കുള്ള ചികിത്സയെന്താണ്, ഇവരുടെ ഇത്തരം പ്രവർത്തികളെ ആര് ശിക്ഷിക്കും. കഴിഞ്ഞത് കഴിഞ്ഞു, ഇത് വളരെ കടന്നുപോയി, ഇത്തരം വ്യാജവാർത്തകള്‍ നിർത്തലാക്കപ്പെടേണ്ടതുണ്ട് എന്നാണ് മുകേഷ് ഖന്ന വീഡിയോയിൽ പറഞ്ഞത്.
അദ്ദേഹം ശക്തിമാൻ എന്ന ടെലിവിഷൻ പരമ്പരയിലൂടെ രാജ്യം മുഴുവൻ ആരാധകരെ നേടിയിട്ടുണ്ട്. മാത്രമല്ല മഹാഭാരത് പരമ്പരയിൽ ഭീഷ്മരായും താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി ടിവി പരമ്പരകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമകളായ റൂഹി, തെഹൽക, രാജ, താക്കത്ത്, വീർ, ബർസാത്ത്, ഗ്യാങ്, മിഷൻ മുംബൈ, മണി ബാക്ക് ഗ്യാരണ്ടി തുടങ്ങി നിരവധി സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.