BY AISWARYA
ഹിന്ദി ടെലിവിഷന്‍ താരമാണ് മൗനിറോയ്. മലയാളികള്‍ക്ക് നടി പരിചിതയായത് നാഗകന്യക സീരിയയിലൂടെയാണ്. സീരിയലില്‍ നാഗകന്യകയായി എത്തി പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. രൂപം മാറി പാമ്പാവുന്ന ശിവന്യയെ അവതരിപ്പിച്ചതിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോഴിതാ മൗനിറോയി വിവാഹിതയായ വാര്‍ത്തയാണ് പരക്കുന്നത്. മലയാളിയും ദുബായില്‍ ബാങ്കറുമായ സൂരജ് നമ്പ്യാരാണ് മൗനിയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഗോവയില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുത്തത്. സൗത്ത് ഇന്ത്യന്‍ രീതിയിലായിരുന്നു വിവാഹം.
ഏക്താ കപൂറിന്റെ ‘ക്യൂംകി സാസ് ഭി കഭി ബഹു തി’ എന്ന സീരിയലിലൂടെയാണ് മൗനി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് കസ്തൂരി, ദോ സഹേലിയാന്‍, ദേവോം കാ ദേവ് മഹാദേവ്, ജുനൂന്‍ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. എന്നാല്‍ നാഗീന്‍ എന്ന സീരിയലിലെ നാഗകന്യക വേഷമാണ് മൗനിയെ താരമാക്കിയത്.കളേഴ്‌സ് ടിവിയിലെ നാഗിന്‍ എന്ന ഹിന്ദി സീരിയലാണ്, നാഗകന്യക എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത്. നാഗിന് ശേഷം, ബോളിവുഡിലേക്കും മൗനി റോയിയ്ക്ക് അവസരങ്ങള്‍ ലഭിച്ചു.
അക്ഷയ് കുമാര്‍ നായകനായ ‘ഗോള്‍ഡ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മൗനി അരങ്ങേറ്റം കുറിച്ചിരുന്നു. കെജിഎഫിന്റെ ഹിന്ദി റീമേക്കില്‍ ‘ഗലി ഗലി’ എന്ന ഐറ്റം ഗാനത്തിലും മൗനി അഭിനയിച്ചിരുന്നു. റോമിയോ അക്ബര്‍ വാള്‍ട്ടര്‍, മെയ്ഡ് ഇന്‍ ചൈന എന്നിവയാണ് മൗനിയുടെ മറ്റ് ചിത്രങ്ങള്‍. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാഭ് ബച്ചന്‍, ഡിംപിള്‍ കപാഡിയ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ബ്രഹ്‌മാസ്ത്ര’ എന്ന ചിത്രത്തിലും മൗനി അഭിനയിച്ചിട്ടുണ്ട്.