ആര്‍ത്തവ കാലത്ത് ഏറ്റവും വൃത്തിയായി വെയിലുകൊണ്ട് ഉണങ്ങേണ്ട അടിവസ്ത്രങ്ങള്‍ എന്തെങ്കിലും മൂലയിലോ നനഞ്ഞ തോര്‍ത്തിനടിയിലോ ഒളിപ്പിച്ചു വെക്കേണ്ട അവസ്ഥ വന്നിട്ടുള്ളവരാണ് മിക്ക സ്തീകളും!

Suraj-nimisha-sarika

ഇപ്പോൾ സോഷ്യൽ മീഡിയലും മറ്റും വലിയ ചർച്ച ആയിരിക്കുകയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രം. സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്ന സമൂഹത്തിന്റെ മനസ്ഥിതിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. സിനിമ കണ്ട അനുഭവത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്ന, അടുക്കളയില്‍ തളച്ചിടപ്പെടുന്ന സ്ത്രീകളെ കുറിച്ച്‌ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗവേഷണ വിദ്യാര്‍ത്ഥിനിയായ ശാരിക ശോഭ എസ്.

ശാരികയുടെ കുറിപ്പ്,

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കസിന്‍ ചേട്ടന്റെ കല്യാണം. അന്ന് രാവിലെ യാത്രയായത്തിനു ശേഷം പ്രതീക്ഷിക്കാതെ പീരിയഡ്‌സ് ആയതു കൊണ്ട് ചോറ്റാനിക്കര അമ്പലത്തിൽ വെച്ചു നടന്ന കല്യാണതിനു പോകാന്‍ പറ്റിയില്ല. വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നു. കല്യാണം കൂടാന്‍ പറ്റാത്ത വിഷമം വേറെ, അതു കൂടാതെ ‘ഡെയ്റ്റ് ആയിട്ടും എനിക്ക് വന്നില്ല കേട്ടോ, ഞാന്‍ രക്ഷപെട്ടു’ അടക്കം പറച്ചിലുകള്‍ വേറെ. എന്തോ നമുക്കു പീരിയഡ്‌സ് ആയത് വലിയ പാപഭാരം പോലെ. കല്യാണത്തിന് അമ്പലത്തിലേക്ക് പോകുന്നവരെ തൊട്ട് ‘പ്രശ്‌നമാവാതിരിക്കാന്‍’ ഒരു മുറിയുടെ മൂലയില്‍ ഒതുങ്ങി ഇരിക്കേണ്ടിയും വന്നു.

GreatIndianKitchen
GreatIndianKitchen

അടക്കി പിടിച്ച ദേഷ്യം മൊത്തം പുറത്തു വന്നത് അസ്സല്‍ കരച്ചിലായിട്ടാണ്. വരുന്നവരും പോകുന്നവരും വക ‘മോള്‍ക്ക് പീരിയഡ്‌സ് നു ഭയങ്കര വേദനയനല്ലേ, സാരമില്ലാട്ടോ’ സമാധാനിപ്പിക്കലുകള്‍ കേട്ടപ്പോള്‍ കൂടുതല്‍ ദേഷ്യം വന്നു. വേദനിച്ചിട്ടല്ല, അവഗണിക്കപ്പെട്ടത് കൊണ്ടാണെന്ന് ഉറക്കെ വിളിച്ചു പറയാനും മാത്രം ധൈര്യം ഒന്നും അന്ന് ഉണ്ടായിരുന്നുമില്ല.അടുത്തു വന്ന അമ്മയോട് മാത്രം പറഞ്ഞു, periods ആയ പെണ്പിള്ളേര്ക്കും, എത്ര അടുത്ത സുഹൃത്തായാലും അഹിന്ദുക്കള്‍ക്കും പ്രവേശനമില്ലാത്തതായ ഇമ്മാതിരി കല്യാണ ഏര്‍പ്പാടിനു നിന്നു തരില്ല, ഇതൊക്കെ കൊണ്ട് തന്നെ അമ്പലത്തിൽ  വെച്ച്‌ കല്യാണം നടത്തുന്നതേ ഒരു പിന്തിരിപ്പന്‍ ഏര്‍പ്പാടാണെന്ന്. കരഞ്ഞു വീര്‍ത്ത കണ്ണും കൊണ്ടുള്ള ആ നില്‍പ്പിന്റെ ഫോട്ടോ അവരുടെ കല്യാണ ആല്‍ബത്തില്‍ എവിടെയോ ഇപ്പോഴും ഉണ്ട്.

പിന്നീട് പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് അച്ഛന്റെ അച്ഛന്‍ മരിക്കുന്നത്. കൊള്ളി വെക്കാന്‍ നേരത്തു പെണ്മക്കളുള്‍പ്പെടെ സകല പെണ്ണുങ്ങളോടും പുറത്തേക്കിറങ്ങാന്‍ പറഞ്ഞപ്പോ ശാന്തിയെ തുറിച്ചു നോക്കാനല്ലാതെ ഒന്നും ചെയ്യാന്‍ പറ്റിയില്ല. പിന്നീട് അസ്ഥിയൊഴുക്കുന്ന ദിവസം പീരിയഡ്‌സ് ആയതിന്റെ പേരില്‍ അപ്പൂപ്പന്റെ ആകെയുള്ള രണ്ടു പെണ്മക്കളായ എന്റെ രണ്ടു ആന്റിമാര്‍ക്കും, മൂത്ത പേരക്കുട്ടികളില്‍ ഒരാളായ, ഉണ്ടാവാന്‍ ഇച്ചിരി വൈകിയപ്പോള്‍ അപ്പൂപ്പന്‍ നേര്‍ച്ചയിട്ടു ശബരിമലയില്‍ വരെ കൊണ്ടു പോയതുമായ എനിക്കും മുറികളധികമില്ലാത്ത ആ വീടിന്റെ മറ്റൊരു മുറിയുടെ മൂലയില്‍ വീണ്ടും കുത്തിയിരിക്കേണ്ടി വന്നു. ചടങ്ങു കഴിയും വരെ. അസ്തിയൊഴുക്കാന്‍ പോകുന്ന വഴിയില്‍ മൂന്നാലു മീറ്റര്‍ അകലം വിട്ടു രണ്ടു പെണ്മക്കളും നടന്നപ്പോള്‍ ഒരു പക്ഷെ കാലങ്ങള്‍ക്കു ശേഷം കേറി വന്ന അപ്പൂപ്പന്റെ സഹോദരങ്ങളായ വെല്യച്ഛന്റെയും അമ്മായിമാരുടെയും ആണ്മക്കള്‍ക്കും, അവരുടെ ആണ്മക്കള്‍ക്കുമൊക്കെ ആ ആള്‍ക്കൂട്ടത്തില്‍ വളരെയെളുപ്പം സ്ഥാനം കിട്ടിയതു കണ്ടപ്പോള്‍ സത്യത്തില്‍ ഇത്തവണ ദേഷ്യത്തെക്കാള്‍ ചിരി വന്നു പോയി.

nimisha
nimisha

മരിച്ചയാളിന്റെ പെണ്മക്കളുടെ ആര്‍ത്തവത്തിന് അശുദ്ധി കല്‍പ്പിച്ച്‌ അന്ന് ശാന്തിയെറിഞ്ഞ എള്ളിനും തെച്ചിപ്പൂവിനുമൊക്കെ പണ്ട് മണ്ണപ്പം ചുട്ടു കളിക്കുമ്ബോള്‍ പിച്ചിയിടുന്ന പൂവിന്റെ വിലയുള്ളുവെന്ന നിസ്സങ്കത ഉള്ളിലൊരു പൊട്ടിച്ചിരിയായി പടര്‍ന്നു തുടങ്ങിയത് കൃത്യമായി പറഞ്ഞാല്‍ അന്നാണ്. അന്നത് പറയാവുന്നിടത്തൊക്കെ പറയുകയും ചെയ്തിരുന്നു. അനാചാരത്തെ ചോദ്യം ചെയ്യുന്നതിനേക്കാള്‍ ഉപരി അവകാശത്തിനു വേണ്ടിയുള്ളൊരു ചോദ്യമാണതെന്നു സ്വയം തിരിച്ചറിയാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു എന്നതാണ് വസ്തുത. അതു തിരിച്ചറിഞ്ഞ നാള്‍ മുതല്‍ ഈ ദൈവനിന്ദയോന്നും ഒരു അലങ്കാരമായി കൊണ്ടു നടക്കേണ്ടെന്നു പറഞ്ഞവരോടൊക്കെ എന്റെ ആര്‍ത്തവത്തോട് പ്രശ്‌നമുള്ള ദൈവത്തോട് എനിക്ക് തിരിച്ചും നല്ല പ്രശ്‌നമുണ്ടെന്നു മുന്നും പിന്നും നോക്കാതെ പറഞ്ഞിട്ടുമുണ്ട്. പല തവണ.

പറഞ്ഞു വരുന്നത് The Great Indian Kitchen ഇല്‍ കാണുന്ന ആര്‍ത്തവ കാഴ്ചകള്‍ ‘ഇതൊക്കെ ഇപ്പോഴും ഉണ്ടോ’ എന്ന അത്ഭുതത്തില്‍, പടം ഈ വിഷയത്തെ സമീപിച്ചത് exaggeration ലൂടെ ആണെന്ന് റദ്ദു ചെയ്യുന്നവരോടാണ്. ഇതൊക്കെ പണ്ടല്ലേ, ആ കാലമല്ല ഇപ്പൊ എന്നു പറയുന്നവരോടാണ്. മേല്‍പ്പറഞ്ഞ കാഴ്ചകള്‍ എല്ലാവര്‍ക്കും കുറച്ചു കൂടി പരിചിതവും സാധാരണവും ആയിരിക്കും. അതനുഭവിക്കുന്നവര്‍ പോലും അതിനെ തിരിച്ചറിയുകയോ തള്ളിപ്പറയുകയോ ചെയ്യാത്ത വിധം normalised ആണിതെല്ലാം സമൂഹത്തില്‍. ആ സാധാരണതകളുടെ ഒരു വകുപ്പിനെയാണ് ചിത്രം അടയാളപ്പെടുത്തുന്നത്.ഇതൊക്കെ നടക്കുന്ന ‘ഒരു ചെറിയ വിഭാഗം’ സമൂഹത്തില്‍ ഉണ്ടല്ലോ ഇപ്പോഴും എന്നു ഈ സിനിമ കണ്ടു നെടുവീര്‍പ്പിടുന്നതും ചുമ്മാ കണ്ണടച്ചു ഇരുട്ടാക്കല്‍ ആണ്. ആര്‍ത്തവത്തെ അശുദ്ധിയായി, മാറ്റി നിര്‍ത്തപ്പെടേണ്ട ഒന്നായി കാണുന്ന കാഴ്ചപ്പാട് ഭൂരിഭാഗം വീടുകളിലും ഏറ്റക്കുറച്ചിലുകളോടെ പല രീതികളില്‍, അതു തന്റേയുള്‍പ്പെടുന്ന അകത്തളങ്ങളില്‍ നിലനില്‍ക്കുന്നെന്നു അംഗീകരിക്കാന്‍ കഴിയാത്തതിന്റെ നെടുവീര്‍പ്പിടല്‍ .

പീരിയഡ്‌സ് ആയാല്‍ അമ്പലത്തില്‍ പോവാനോ, അമ്പലത്തില്‍ പോകുന്നവരെ തൊടാനോ, പല മതപരമായ ചടങ്ങുകളിലും പങ്കെടുക്കണോ, നോയമ്പ് നോല്‍ക്കാനോ, കല്യാണത്തിന് താലം പിടിക്കാനോ, പ്രാര്‍ത്ഥനയില്‍ പങ്കു കൊള്ളാണോ, വിളക്ക് തൊടാനോ, അലക്കി മടക്കി വെച്ച തുണി ഭാവിയിലെപ്പോഴേലും അമ്പലത്തില്‍ പോകാനുള്ള തുണിയാവാനുള്ള വിദൂര സാധ്യത പരിഗണിച്ചു തൊടാനോ, വിശുദ്ധ മതഗ്രന്ഥങ്ങള്‍ വായിക്കാനോ സ്പര്‍ശിക്കാനോ ഒക്കെ പീരിയഡ്‌സ് എന്ന പേരില്‍ പ്രശ്‌നങ്ങള്‍ ഒരു വട്ടമെങ്കിലും നേരിടാത്തയാളുകള്‍ കുറവായിരിക്കും. (പലരും യാതൊരു പ്രശ്‌നവും കൂടാതെ പാലിച്ചു പോരുന്നവയും!) ഏറ്റവും വൃത്തിയായി വെയിലു കൊണ്ട് ഉണങ്ങേണ്ടുന്ന അടിവസ്ത്രങ്ങള്‍, പ്രത്യേകിച്ചും ആര്‍ത്തവ കാലത്ത്, ഇരുണ്ട മൂലയിലോ നനഞ്ഞ തോര്‍ത്തിനടിയിലോ ഒളിപ്പിച്ചു നിര്‍ത്തേണ്ടുന്നതും ഏറെക്കുറെ എല്ലാ സ്ത്രീകളും എവിടെയെങ്കിലുമൊക്കെ അനുഭവിക്കേണ്ടി വന്നിട്ടുള്ളതും ആണ്. (സാനിറ്ററി നാപ്കിന്‍സ് പൊതിഞ്ഞു മറയ്ക്കുന്ന ഏര്‍പ്പാടൊക്കെ ഇപ്പഴും ഉണ്ടല്ലോ അല്ലെ..!!)

nimisha sajayan
nimisha sajayan

ശബരിമല നോയമ്ബ് കാലത്ത് പീരിയഡ്‌സ് ആയാല്‍, മാറിയിരിക്കാന്‍ മുറിയില്ലാത്ത വീടുകളില്‍ (ചിലപ്പോ ഉണ്ടെങ്കില്‍ പോലും) ബന്ധുവീട്ടിലേക്കോ അയല്‍പ്പക്കത്തേക്കോ മാറി താമസിക്കല്‍, അതല്ലെങ്കില്‍ പ്രസ്തുത ‘അയ്യപ്പന്മാര്‍’ മാറി താമസിക്കല്‍ നിര്‍ബാധം തുടര്‍ന്ന് പോകുന്ന മറ്റൊരു ‘സാധാരണത്വം’ ആണ്. ഇതിലൊക്കെ ഇപ്പോ ഇതെന്താല്ലേ, ഇതൊക്കെ അശുദ്ധി ആവാതിരിക്കാന്‍ ചെയ്യുന്നതല്ലേ, കാലാകാലങ്ങളായി പാലിക്കുന്ന ആചാരമല്ലേ, നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ നോക്കണ്ട, ഞങ്ങള് നോക്കിക്കോളാമെന്നേ എന്നൊക്കെ തോന്നുന്നുണ്ടെങ്കില്‍ ആ തോന്നലുകളോടാണ് ഈ സിനിമ സംവദിക്കുന്നത്. (ചരിത്രം പരിശോധിച്ചാല്‍ എന്നൊക്കെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍ / അസമത്വങ്ങള്‍ ചൂണ്ടികാട്ടിയിട്ടുണ്ടോ അന്നൊക്കെ ഭൂരിപക്ഷത്തു നിന്നും പുറപ്പെട്ടുള്ളതാണ് ഈ പല്ലവി!!)

രജസ്വലയായ സ്ത്രീയെ തൊട്ടശുദ്ധമായാല്‍ ചാണക ഉരുള ഒക്കെ തിന്നുന്നത് നൂറു കൊല്ലം മുന്‍പുള്ള കാര്യമല്ലേ, ഇതൊക്കെ കാണിക്കുന്നതെന്തിനാ എന്നു ചോദിക്കുന്നവരോട്. ഇതിലെ ഭര്‍ത്താവും ചാണക ഉരുള തിന്നുന്നില്ല. അയാളുടെ സൗകര്യാര്‍ത്ഥം മുങ്ങി കുളിക്കുകയാണ്. പക്ഷെ നൂറു കൊല്ലങ്ങള്‍ക്കിപ്പുറവും പീരിയഡ്‌സ് അശുദ്ധിയാണെന്ന കാഴ്ചപ്പാടില്‍ വല്യ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നുള്ളതാണ്‍! അടുക്കളയില്‍ നിന്നു മാറ്റി നിര്‍ത്താത്തതൊക്കെ ചാണക ഉരുള മുങ്ങിക്കുളിക്കല്‍ ആക്കുന്നത് പോലെയുള്ള സൗകര്യത്തിനു വേണ്ടിയിട്ടുള്ള ഏര്‍പ്പാടുകള്‍ ആണ്. മാറ്റി നിര്‍ത്തിയാല്‍ പണിയെടുക്കാനാളില്ലാതെ പട്ടിണിയാകേണ്ടി വരും എന്ന അസൗകര്യത്തിന്റെ പേരില്‍! ആ അടുക്കള പണിയുടെ പൊളിറ്റിക്‌സ് കൃത്യമായി സിനിമ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

suraj-nimisha
suraj-nimisha

അതിനെ പറ്റി ഒരുപാട് ചര്‍ച്ചകള്‍ വന്നും കഴിഞ്ഞു.മേല്‍പ്പറഞ്ഞ പലതും പാലിച്ചു പോരുകയും, പക്ഷെ സിനിമയില്‍ കാണിക്കുന്നതു പഴയ കാര്യങ്ങളല്ലേയെന്നു തോന്നുകയും ചെയ്യുന്നവര്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് ഉള്ളിലുള്ള ആര്‍ത്തവമെന്ന ജൈവപ്രക്രിയ അശുദ്ധിയാണെന്ന തോന്നലിനെയാണ്. അതിന്റെ പേരില്‍ തുടര്‍ന്നു പോരുന്ന ചെറുതും വലുതുമായ, ‘വെറും സാധാരണം’ എന്നു വിചാരിക്കുന്ന പലതിനെയുമാണ്. ഈ അനീതിയുടെ പാത്രമാകുന്ന സ്ത്രീകള്‍ പോലും ‘അസമത്വം’ എന്നു സ്വയം തിരിച്ചറിയാത്ത ഇത്തരം സാധാരണതകളിലേക്കു കൂടിയാണ് നിമിഷയുടെ കഥാപാത്രം ഒഴിക്കുന്ന അടുക്കളയിലെ അഴുക്കുവെള്ളം വന്നു വീഴുന്നത്.

Related posts