കേരളത്തിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറ് എല്ലാ സഞ്ചാരികളുടെയും സ്വപ്നപറുദീസയാണ്. അവിടേക്കു യാത്ര ചെയ്യുന്ന ഓരോ യാത്രികനും മനംകുളിരുന്ന കാഴ്ചയാണ് മൂന്നാർ സമ്മാനിക്കുന്നത്. മലയാളിക്ക് മൂന്നാറ് പോലെ തന്നെ പ്രിയപ്പെട്ട മറ്റൊന്നാണ് നമ്മുടെ സ്വന്തം ആനവണ്ടി. നമ്മുടെ കെ എസ് ആർ ടി സി ബസിൽ മൂന്നാറ് മുഴുവൻ ചുറ്റി നടക്കാൻ ഒരവസരം കിട്ടിയാലോ?
മൂന്നാറിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പും കെ എസ് ആർ ടി സി യും ചേർന്ന് നടത്തുന്ന ഒരു പദ്ധതിയാണ് ഇത്. കൗതുകം ഉണർത്തുന്നത് എന്തെന്നാൽ വെറും 250 രൂപ ചിലവുള്ള യാത്രയാണിത് . ഒരു ദിവസം കൊണ്ട് കുറഞ്ഞ ചിലവിൽ മൂന്നാറിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളെല്ലാം കാണുവാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് ഇവിടെ ലഭിക്കുന്നത്. മാത്രമല്ല യാത്ര കഴിഞ്ഞു രാത്രി വിശ്രമിക്കാനുള്ള സൗകര്യവും മറ്റൊരു ബസിൽ ലഭ്യമാണ്. അതും വെറും നൂറുരൂപ ചിലവിൽ സുരക്ഷിതമായ ഒരു സുഖനിദ്ര.
കോവിഡ് പശ്ചാത്തലത്തിൽ മുടങ്ങിക്കിടന്ന ടൂറിസം പുനരുദ്ധരിക്കാനായി കേരള സർക്കാരും കേരള ടൂറിസം വകുപ്പും കെ.എസ്.ആർ.ടി.സിയും ചേർന്നൊരുക്കുന്ന ഈ സംരംഭം ഇന്ന് വളരെ വലിയൊരു വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്.