മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് എത്തിയ ഇരുവരും നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. അച്ഛനും മകനുമായും സുഹൃത്തുക്കളായും സാഹോദരങ്ങളായും വില്ലന്മാരായും ഒക്കെ ഇരുവരും ഒരുമിച്ചു എത്തിയിരുന്നു. എന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടുമാണ് ഇരുവരുടേതും. ഇരുവരും ഒരുമിച്ചു വരുന്ന ചിത്രത്തിനായി ആരാധകരും കാത്തിരിക്കുകയാണ്. സിനിമയെക്കുറിച്ചോ, അഭിനയിച്ചു വന്ന കാലഘട്ടത്തെക്കുറിച്ചോ സംസാരിക്കുമ്പോള്‍, മമ്മൂട്ടിയും മോഹന്‍ലാലും പരസ്പരം പേരുകള്‍ പറഞ്ഞാണ് എപ്പോഴും സംസാരിക്കാറുള്ളത് എന്തുകൊണ്ടാണ് മറ്റു നടന്മാരുടെ പേരുകള്‍ നിങ്ങള്‍ രണ്ടു പേരും ഉപയോഗിക്കാത്തത് എന്ന ചോദ്യത്തോട് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
പണ്ടു കാലത്ത് പ്രേംനസീര്‍-സത്യന്‍, അല്ലെങ്കില്‍ പ്രേംനസീര്‍-മധു എന്നതുപോലെ ആളുകള്‍ പറയുന്ന പേരാണ് മമ്മൂട്ടി-മോഹന്‍ലാല്‍ എന്നത്. അത് രണ്ടു പേരും ഒരേ കാലത്ത് സിനിമയില്‍ എത്തിയതുകൊണ്ടും, തനിക്കോ മമ്മൂട്ടിക്കോ മറ്റു നടന്മാരുടെ പേരുമായി ചേര്‍ത്ത് പേരുകള്‍ പറയാന്‍ കഴിയാത്തതിനാലാണ് എന്നുമാണ് ലാല്‍ പറയുന്നത്. അതുമാത്രമല്ല, ഒരാളെ വെച്ച് മറ്റൊരാളെ താരതമ്യം ചെയ്യാന്‍ കഴിയില്ലല്ലോ എന്നും ലാല്‍ ചോദിക്കുന്നു.
‘പണ്ടത്തെ കാലഘട്ടങ്ങളെല്ലാം പത്രങ്ങള്‍ എഴുതുന്നത് പ്രേംനസീര്‍-സത്യന്‍, അല്ലെങ്കില്‍ പ്രേംനസീര്‍-മധു, സോമന്‍-സുകുമാരന്‍, ഇല്ലെങ്കില്‍ പ്രേംനസീര്‍-ജയന്‍ എന്നിങ്ങനെയാണ്. എല്ലാം രണ്ട് പേരെ വെച്ചുകൊണ്ടാണ് ഇത് പറയുക. അതുപോലെ ഒരുപാട് പേര് പറയുന്ന ഒരു പേരാണ് മമ്മൂട്ടിയും മോഹന്‍ ലാലും. കാരണം ഞങ്ങള്‍ സിനിമയിലേക്ക് വരുന്നത് ഏതാണ്ട് ഒരേകാലത്താണ്. ഒരുപക്ഷെ വേറൊരു ഭാഷയിലും കാണില്ല, ഞങ്ങള്‍ ഏതാണ്ട് 50 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസാരിക്കുമ്പോള്‍ പെട്ടെന്ന് ബന്ധപ്പെടുത്തി എനിക്ക് പറയാവുന്നത് മമ്മൂട്ടിയുടെ പേരാണ്. മോഹന്‍ലാല്‍-സോമേട്ടന്‍ എന്ന് പറയാന്‍ പറ്റില്ല, മോഹന്‍ലാല്‍-സുരേഷ് ഗോപി മോഹന്‍ലാല്‍-മുകേഷ് എന്ന് പറയാന്‍ പറ്റില്ല. ഒരാളെ മറ്റൊരാളെ വെച്ച് താരതമ്യപ്പെടുത്താന്‍ പറ്റില്ലല്ലോ, എന്നും മോഹൻലാൽ പറയുന്നു.