പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ!

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മലയാളികൾ ഞെട്ടലോടെയാണ് കേട്ടത്. അർബുദത്തെതുടർന്ന് അങ്കമാലിയിലെ ലിറ്റിൽഫ്‌ളവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തങ്ങളെ ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമായതിനെ തുടർന്ന് രണ്ട് ആഴ്ച മുൻപായിരുന്നു അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യനില മോശമാകുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്. അർബുദ ബാധയെ തുടർന്ന് അദ്ദേഹം കഴിഞ്ഞ ആറ് മാസമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണെന്ന് താരം പറഞ്ഞു.

സ്വജീവിതം സമൂഹനന്മയ്‌ക്കും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനുമായി മാറ്റിവെച്ച ആത്മീയാചാര്യൻ ശ്രീ പാണക്കാട്ട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾക്ക് ആദരാഞ്ജലികൾ. അഗതികൾക്കും അനാഥർക്കും തുണയാവുകയും ഒട്ടനവധി സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്ത തങ്ങളുടെ വിയോഗം കേരളത്തിന് തീരാനഷ്ടം തന്നെയാണ്. അടുത്ത കാലത്ത്, അദ്ദേഹത്തിന്റെ വസതിയിലെത്തി കുറച്ച് സ്നേഹനിമിഷങ്ങൾ പങ്കുവെക്കാൻ ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Related posts