മലയാളത്തിന്റെ നടന്ന വിസ്മയമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ ഹലോ മിസിസ്സ് പ്രഭ നരേന്ദ്രൻ എന്ന ഡയലോഗ് പറഞ്ഞു മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ താരമാണ് അദ്ദേഹം. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞപൂക്കളിൽ വില്ലനായാണ് ലാലേട്ടൻ എന്ന് പ്രേക്ഷകർ നിറഞ്ഞ സ്നേഹത്തോടെ വിളിക്കുന്ന മോഹൻലാലിൻറെ വരവ്. എന്നാൽ പിന്നീട് സഹതാരമായും നായകനായും തമാശ നിറഞ്ഞ ഒട്ടനവധി ചിത്രങ്ങൾ മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ചിരുന്നു. പിന്നീട് രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ഒരു മാസ്സ് നായകനായും അദ്ദേഹം എത്തി. പിന്നീട് മംഗലശ്ശേരി നീലകണ്ഠൻ ആയും ആട് തോമയായും ജഗന്നാഥനായും സ്റ്റീഫൻ നെടുമ്പള്ളിയുമായി മലയാളികളെ ലാലേട്ടൻ വിസ്മയിപ്പിച്ചു. പിന്നീട് മലയാളം സിനിമയുടെ തലവര തന്നെ മാറ്റുവാൻ സാധിച്ച താരമാണ് മോഹൻ ലാൽ. മലയാളത്തിലെ തന്നെ ആദ്യ അൻപത് കോടി, നൂറുകോടി, ഇരുന്നൂറു കോടി തുടങ്ങിയ ബോക്സോഫിസ് കളക്ഷനുകൾ മലയാളത്തിലേക്ക് എത്തിച്ചത് മോഹൻലാൽ ചിത്രങ്ങളാണ്. ദൃശ്യം, പുലിമുരുകൻ, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളാണ് ആ നേട്ടങ്ങൾ സ്വന്തമാക്കിയത്.
1960 മെയ് 21 ന് പത്തനംത്തിട്ടയിൽ ജനിച്ച മോഹൻലാൽ അറുപത്തി ഒന്നാമത് പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്. നിരവധി പേരാണ് ഇന്ന് അദ്ദേഹത്തിന് ആശമാസകളുമായി എത്തിയിരിക്കുന്നത്. ഇക്കുറിയും ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം. പോയവര്‍ഷത്തേത് പോലെ തന്നെ ചെന്നൈയിലെ വീട്ടില്‍ കുടുംബത്തിനൊപ്പമാണ് മോഹന്‍ലാല്‍ ജന്മദിനം ആഘോഷിക്കുന്നത്. വലിയ ആഘോഷ പരിപാടികള്‍ ഒന്നും ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മോഹന്‍ലാലിനൊപ്പം ഒത്തുകൂടും.
അതേസമയം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം ഗോവയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ബറോസില്‍ ബറോസ് എന്ന ഭൂതമായി എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. താടി നീട്ടി ബറോസ് എന്ന കഥാപാത്രമാകാനുള്ള തയാറെടുപ്പിലാണ് ലാല്‍.