മരക്കാർ: അറബിക്കടലിന്റെ സിംഹമാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാള സിനിമാപ്രേമികൾക്ക് വളരെ അഭിമാനിക്കാവുന്ന ഒരു വിഷയമാണിത്. ഈ നേട്ടത്തോട് മോഹൻലാൽ പ്രതികരിച്ചത് നല്ല സിനിമയായി തെരഞ്ഞെടുത്തതിൽ വളരെയധികം സന്തോഷമുണ്ടെന്നായിരുന്നു. സിനിമാമേഖല വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടമാണിത്. സിനിമ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാനും ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യാനുമായിരുന്നു തീരുമാനം. പക്ഷെ കോവിഡ് കാരണം ഇതിനൊന്നും കഴിഞ്ഞില്ല. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എല്ലാം സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി പറയുകയാണ്. ഇത്രയും കാലം നല്ല സിനിമകൾക്ക് വേണ്ടി കൂടെ നിന്നതിന് ഒരുപാട് നന്ദിയുണ്ടെന്നും മോഹൻലാൽ പറഞ്ഞു. സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം ഉണ്ടെന്നാണ്. ഈ ചിത്രം മോഹൻലാലിന്റെയും പ്രിയദർശന്റെയും സ്വപ്നം ആയിരുന്നു. ചിത്രത്തിന് ലഭിച്ച ഈ അവാർഡ് മോഹൻലാലിന് സമർപ്പിക്കുന്നു. ഈ പുരസ്‌കാരം ചിത്രത്തിനുവേണ്ടി സഹകരിച്ച എല്ലാവർക്കും ഉള്ള അംഗീകാരം കൂടിയാണെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. മരക്കാർ: അറബിക്കടലിന്റെ സിംഹം പ്രദർശനത്തിനെത്തുക മെയ് 13 നാണ്.