ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളി എന്ന ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസിനെക്കുറിച്ചുള്ള വിവരങ്ങൾ പുതിയ മോഷൻ പോസ്റ്ററിനൊപ്പമാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്കിലൂടെ ലോഞ്ച് ചെയ്തത് മോഹൻലാലാണ്. ബേസിൽ ജോസഫും ടൊവിനോ തോമസും ഗോദ എന്ന ചിത്രത്തിന് ശേഷം ഒരുമിക്കുന്ന ചിത്രമായിരിക്കും മിന്നൽ മുരളി.
ഈ ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ സിനിമാപ്രേമികളുടെ സജീവശ്രദ്ധ നേടിയിട്ടുണ്ട്. മിന്നൽ മുരളി എന്ന ചിത്രമെത്തുന്നത് മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രമെന്ന വിശേഷണത്തോടെയാണ്. ചിത്രം മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പേര് മിസ്റ്റർ മുരളി എന്നാണ്. തെലുങ്കിൽ മെരുപ്പ് മുരളി എന്നും കന്നഡയിൽ മിഞ്ചു മുരളി എന്നുമായിരിക്കും ചിത്രത്തിന്റെ പേര്. ചിത്രം നിർമ്മിക്കുന്നത് വീക്കെന്റ് ബ്ലോക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജിഗർത്തണ്ട, ജോക്കർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ്താരം ഗുരു സോമസുന്ദരം ആണ്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവും ചേർന്നാണ്.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ബാക്കിയുള്ള ഭാഗങ്ങളുടെ ചിത്രീകരണം ഏപ്രിൽ 10ന് പൂർത്തിയാകും. ചിത്രത്തിന്റെ ഛായാഗ്രഹകൻ സമീർ താഹിർ ആണ്. ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്മാൻ ആണ്. ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ എന്നീ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ് ചിത്രത്തിലെ വലിയ രണ്ട് സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും കൂടിയ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണ് മിന്നൽ മുരളി.