മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മിഥുൻ രമേശ്. അവതാരകനായും നടനായും റേഡിയോ ജോക്കിയായും മിഥുൻ മലയാളികൾക്ക് ഇന്ന് സുപരിചിതനാണ്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനിൽ എത്തുന്നത്. എന്നാൽ സ്വതസിദ്ധമായ അവതരണ ശൈലിയിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് നടൻ എന്നതിലുപരി അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. റേഡിയോ അവതാരകൻ എന്ന നിലയിൽ ഒരു വേൾഡ് റെക്കോർഡ് തന്നെ താരത്തിന്റെ പേരിൽ ഉണ്ട്. താരം മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും പ്രേക്ഷകർക്ക് പരിചതമായ മുഖങ്ങൾ തന്നെയാണ്. അടുത്തിടെ താരത്തിന് ബെൽസ് പാൾസി രോഗം പിടിപെടുകയും ചികിത്സ നേടുകയും ചെയ്തിരുന്നു. ഇപ്പോളിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറയുകയാണ് ലക്ഷ്മി.
ഞങ്ങളുടേത് ഒരു ലവ് മാര്യേജ് ആയിരുന്നു. രണ്ടു വർഷക്കാലം ഞങ്ങൾ പ്രണയിച്ചു. അതിനിടെ എന്റെ അമ്മ പ്രണയം കയ്യോടെ പിടിച്ചു. പിന്നീട് എല്ലാം ശടപടെ ശടപടെ എന്നായിരുന്നു. കല്യാണം കഴിഞ്ഞു, പെട്ടെന്ന് കുട്ടിയായി, ലൈഫ് പെട്ടെന്ന് സെറ്റിൽഡായി. അങ്ങനെയായിരുന്നു ഞങ്ങളുടെ ജീവിതം. പ്രപ്പോസ് ചെയ്തത് മിഥുൻ ചേട്ടൻ ആയിരുന്നു, മെസേജ് അയച്ചാണ് പ്രപ്പോസ് ചെയ്തത്. അന്ന് യാഹൂ മെസേജർ പോലുള്ള സംഭവങ്ങളിലൂടെയാണ് മെസേജ് അയക്കുകയും കാണുകയും ഒക്കെ ചെയ്തിരുന്നത്.
മൊബൈലിൽ മെസേജ് ചെയ്യുന്ന സംഭവമൊന്നും അന്നില്ല. പിന്നെ മെയിൽ ചെയ്യുമായിരുന്നു. ഒരു മാളിൽ ഒരു പരിപാടി അവതരിപ്പിക്കുമ്പോഴാണ് ഞാൻ മിഥുൻ ചേട്ടനെ ആദ്യമായി കാണുന്നത്. ആ എനർജിയയാണ് ആകർഷിച്ചത്. ഇത്രയും എനർജിയുള്ള ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ആ എനർജി കണ്ടപ്പോൾ ഞാൻ വീണുപോയി. അതാണ് സത്യം. അങ്ങനെ പിന്നെ ഞങ്ങളുടെ ഒരു മ്യൂച്വൽ ഫ്രണ്ട് വഴി സംസാരിച്ചു തുടങ്ങി. അങ്ങനെയാണ് പ്രണയത്തിലേക്കെല്ലാം എത്തുന്നത്,’ ലക്ഷ്മി വ്യക്തമാക്കി.