ചക്കപ്പഴം സീരിയലിലെ പൈങ്കിളി പൊതുവെ വീട്ടുകാരോട് ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്ന ആളാണ്. എന്നാൽ ശ്രുതി രജനീകാന്തിനെ റിയൽ ലൈഫിൽ ഒരു ചോദ്യം ചോദിച്ച് കുരുക്കിയിരിക്കുകയാണ് ഗായകൻ എം ജി ശ്രീകുമാർ. എം ജി ശ്രീകുമാർ അവതാരകനായെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ ശ്രുതി അദ്ദേഹത്തിന്റെ കുസൃതി ചോദ്യത്തിന് മുന്നിൽ കുടുങ്ങി. ശ്രീകുമാർ ശ്രുതിയോട് ചോദിച്ച കുസൃതി ചോദ്യം, നമ്മുടെ ഒരു സാധനം, പക്ഷെ ഇത് നമുക്ക് കിട്ടണമെങ്കിൽ അത് മറ്റാരെങ്കിലും എടുക്കണം എന്നതായിരുന്നു. ശ്രുതി വളരെ നേരം ആലോചിച്ചതിന് ശേഷം നൽകിയ ഉത്തരം നമ്മുടെ കുഞ്ഞു എന്നായിരുന്നു.
ശ്രുതി താൻ പറഞ്ഞ ഉത്തരം ശരിയാണെന്ന് സമർത്ഥിച്ചെങ്കിലും അവസാനം തോൽവി സമ്മതിച്ചു. അവതാരകനോട് തന്നെ ഉത്തരം എന്താണെന്നു പറയുവാൻ ശ്രുതി അഭ്യർത്ഥിച്ചു. ഒടുവിൽ എം ജി ഫോട്ടോയാണ് ഉത്തരമെന്നു പറഞ്ഞപ്പോൾ ശ്രുതിയുടെ മുഖത്തു ചിരി വിരിഞ്ഞു. പിന്നീട് തന്നെ ചോദ്യം ചോദിച്ച് കുരുക്കിയ എം ജി ശ്രീകുമാറിന് ഒരു പണി കൊടുക്കാൻ ശ്രുതി തീരുമാനിച്ചു. ശ്രുതിയുടെ ചോദ്യം, നമ്മൾ ഉപയോഗിക്കുന്ന ഒരു സാധനം, പക്ഷെ അത് വാങ്ങുന്നത് നമ്മൾ അല്ല എന്നതായിരുന്നു. എം ജി ശ്രീകുമാർ നിസംശയം ശവപെട്ടി എന്ന ഉത്തരം നൽകി.
ഈ പരിപാടിയിൽ ചക്കപ്പഴത്തിലെ നാത്തൂനായ അശ്വതി ശ്രീകാന്തിനെയും പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവന്നു. അശ്വതി വീഡിയോ കോളിലൂടെ ശ്രുതിയോട് സംസാരിച്ചു. എം ജി ശ്രുതിയോട് പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവൾക്ക് കഴിക്കാനും ഉറങ്ങാനും പോലും സമയം തികയുന്നില്ല എന്നതായിരുന്നു അശ്വതിയുടെ മറുപടി.
മലയാളം ടെലിവിഷൻ രംഗത്ത് ബാലതാരമായി അരങ്ങേറ്റം നടത്തിയ ശ്രുതി ഒരു ഇടവേളക്ക് ശേഷം പൈങ്കിളി എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകരുടെ മനംകവർന്ന താരമാണ്.