ഒരേ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇതിഹാസ താരം പെലെയുടെ എക്കാലത്തേയും മികച്ച റെക്കോഡ് മറികടന്ന് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. സ്പാനിഷ് ലീഗില്‍ റയല്‍ വലാഡോളിഡിനെതിരായ മല്‍സരത്തില്‍ 65ാം മിനിറ്റില്‍ നേടിയ ഗോളാണ് മെസ്സിയെ റെക്കോഡിലേക്ക് നയിച്ചത്. ബാഴ്‌സലോണയ്ക്കായി മെസ്സി 644 ഗോളാണ് നേടിയത്. പെലെ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനായി 643 ഗോളാണ് നേടിയത്. 749 മല്‍സരങ്ങളില്‍ നിന്നാണ് മെസ്സിയുടെ നേട്ടം. പെലെ 757 മല്‍സരങ്ങളില്‍ നിന്നാണ് 643 ഗോളുകള്‍ നേടിയത്.
വലാഡോളിഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് ബാഴ്‌സ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. ലെങ്‌ലെറ്റ്, ബ്രെത്ത് വൈറ്റ് എന്നിവരാണ് മെസ്സിയെ കൂടാതെ ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. ലെങ്‌ലെറ്റിന്റെ ഗോളിന് വഴിയൊരുക്കിയത് മെസ്സിയാണ്. ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് വിജയകുതിപ്പ് തുടര്‍ന്നു. ഹെര്‍മോസോ, ലൊറന്റേ എന്നിവരാണ് മാഡ്രിഡിനായി വലകുലിക്കയവര്‍. ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ഗ്രനാഡയെ നേരിടും.