മമ്മൂട്ടി മലയാളികളുടെ സ്വന്തം മെഗാസ്റ്റാറാണ്. ഇപ്പോൾ മമ്മൂട്ടി വൺ എന്ന ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ച് നടത്തിയ പ്രസ്മീറ്റിൽ പറഞ്ഞ വാക്കുകളാണ് വൈറൽ ആവുന്നത്. താൻ കഥാപാത്രങ്ങളോട് അമിതമായ താത്പര്യമുള്ള ആളാണ് എന്ന് ആവർത്തിച്ച് പറയുകയാണ് അദ്ദേഹം. എനിക്ക് കാണുന്നവരെയൊക്കെപ്പോലെ ആകാനാണ് ആഗ്രഹം. അതിൽ ഒരു മാജിക്കുമില്ലെന്ന് മമ്മൂട്ടി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ എങ്ങനെയാണ് കഥാപാത്രങ്ങളെ സ്വാംശീകരിക്കുന്നത്, മമ്മൂട്ടിയുടേതായ മാജിക്കൽ എലമെന്റ്സ് അതിനുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
എനിക്ക് മാജിക്കൊന്നും അറിയില്ല. ഞാൻ കഥാപാത്രങ്ങളോട് ഭയങ്കര ഭ്രാന്തുള്ള ആളാണ്. കാണുന്നവരെയൊക്കെപ്പോലെ ആകാൻ ആഗ്രഹിക്കുന്ന ആളാണ്. അത് നടക്കുന്ന കാര്യമല്ല. കാരണം, കോടാനുകോടി ആളുകൾ ഇവിടെയുണ്ട്. പക്ഷേ, ഇതുപോലെയുള്ള ആശയങ്ങളും കഥാപാത്രങ്ങളും നമ്മുടെ മുന്നിൽ വരുമ്പോൾ അതിനോടൊരു ആഭിമുഖ്യവും ഉണ്ടാകാറുണ്ട്. നമ്മുടെ ഉപബോധ മനസിൽ നമ്മൾ ശ്രദ്ധിക്കുന്ന പലരെയും കണ്ടതും കേട്ടതും ഉണ്ടാവും മമ്മൂട്ടി പറഞ്ഞു.
അത് കഥാപാത്രങ്ങളിലേക്ക് നമ്മളറിയാതെ തന്നെ ആവാഹിക്കപ്പെടുന്നു എന്നാണ് എനിക്ക് ബോധ്യമായിട്ടുള്ളത്. അതല്ലാതെ ഇന്നത് വേണം ഇന്ന മാനറിസം വേണം എന്നൊന്നും കരുതി ഞാൻ ചെയ്യുന്നതല്ല. പലരും പിന്നീട് ആ സിനിമയിൽ ഇങ്ങനെ കാണിച്ചിട്ടുണ്ടോ എന്നൊക്കെ ചോദിക്കുമ്പോൾ എനിക്ക് പലപ്പോഴും ഒർമ്മയുണ്ടാവില്ല. അത് ഈ സിനിമയിലും ഉണ്ടാവാം. കഥ കേൾക്കുമ്പോൾ എന്റെ മനസിൽ ഒരാൾ വരും. കണ്ണാടിയിൽ കാണുമ്പോൾ ആ ആളാണ് ഞാനെന്ന് വിചാരിക്കും. അത്രേയുള്ളു. അതിനപ്പുറത്തേക്ക് ഭയങ്കരമായ ടെക്നോളജിയും സയൻസുമൊന്നുമില്ല എന്നും മമ്മൂട്ടി പറഞ്ഞു.