തെലുഗു സിനിമയിലെ മുടിചൂടാ മന്നൻ ആണ് മെഗാ സ്റ്റാർ ചിരഞ്ജീവി. പുനധിരല്ലു എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിച്ചതെങ്കിലും ആദ്യമായി റിലീസ് ചെയ്ത ചിത്രം പ്രണാം ഖരീദു എന്ന ചിത്രമായിരുന്നു. സഹതാരമായി അഭിനയ ജീവിതം ആരംഭിച്ച ചിരഞ്ജീവിയുടെ പിന്നീട് ഉള്ള വളർച്ച സ്വപ്ന തുല്ല്യമായിരുന്നു. സിനിമയോടൊപ്പം പൊതുപ്രവർത്തകനായും താരം അറിയപ്പെടുന്നുണ്ട്. കേന്ദ്രമന്ത്രിയായും എം പി ആയും എം എൽ എ ആയും താരം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ നൽകുമെന്ന് വാഗ്ദാനം നൽകിയിരിക്കുവാണ് താരം .
അദ്ദേഹം നേതൃത്വം കൊടുക്കുന്ന കൊറോണ ക്രൈസിസ് ചാരിറ്റിയും(സിസിസി) അപ്പോളോ 247 ഉം ആയി സഹകരിച്ചാണ് വാക്സിന്‍ നല്‍കാനായി അദ്ദേഹം തയ്യാറാകുന്നത്. ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സിനിമാകാർക്ക് സഹായ ഹസ്തവുമായാണ് സിസിസി ആരംഭിച്ചത്. നിരവധി താരങ്ങളും നിർമ്മാതാക്കളും സിസിയിലേക്ക് സംഭാവന നൽകിയിരുന്നു. തെലുങ്ക് സിനിമാരംഗത്തെ സഹപ്രവര്‍ത്തകരോടൊപ്പമാണ് ചിരഞ്ജീവി ഇത് ആരംഭിച്ചത്. ലോക്ക് ഡൗൺ കാലത്ത് സാമ്പത്തികമായി ഏറെ ദുരിതത്തിലായ സിനിമമേഖലയിലുള്ളവര്‍ക്ക് സിസിസി നിരവധി സഹായങ്ങള്‍ എത്തിച്ചിരുന്നു.
ഈ ഏപ്രില്‍ 22 മുതല്‍ 45 വയസിന് മുകളിലുള്ള എല്ലാ ചലച്ചിത്രപ്രവർത്തകർക്കും തെലുങ്ക് സിനിമ രംഗത്തെ മാധ്യമപ്രവർത്തകർക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെ ചിരഞ്ജീവി അറിയിച്ചിരിക്കുകയാണ്. വാക്സിന്‍ ലഭിക്കാന്‍ അർഹതയുള്ളവർക്ക് അവരുടെ പങ്കാളികളെയും കൊണ്ടുവരാനാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഈ സൗജന്യ വാകസിൻ വിതരണം ഒരു മാസത്തോളം നീണ്ടു നിൽക്കുമെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.