മീശമാധവൻ എന്ന കോമഡി ചിത്രം ലാൽ ജോസ് ദിലീപ് കൂട്ടുകെട്ടിൽ നിർമ്മിക്കപ്പെട്ട് 2002-ൽ പ്രദർശനത്തിനെത്തിയ സിനിമയാണ്. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം ചേക്ക് എന്ന ഗ്രാമത്തിൽ മോഷണം നടത്തി ജീവിക്കുന്ന കള്ളനായ മാധവന്‍റെ കഥയാണ്. മാധവന് മീശമാധവൻ എന്ന പേര് വീഴുന്നത് ആരെയെങ്കിലും നോക്കി മീശ പിരിച്ചാൽ അന്ന് അയാൾ അവരുടെ വീട്ടിൽ മോഷ്ടിക്കാൻ കയറുമെന്ന കാരണത്താലാണ്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ കലാസംവിധായകൻ ജോസഫ് നെല്ലിക്കൽ സിനിമയിലെ ഒരു ശ്രദ്ധേയമായ രംഗത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഒരു സ്ഥലത്ത് ഷൂട്ടിനായി ചെല്ലുമ്പോള്‍ അവിടെ നിന്ന് കിട്ടുന്ന വസ്തുക്കള്‍ കൊണ്ട് സെറ്റൊരുക്കാൻ ശ്രമിക്കാറുണ്ട്. അപ്പോള്‍ അത് സിനിമയിലെ ഓരോ രംഗങ്ങളോടും ചേര്‍ന്നിരിക്കും. മീശമാധവൻ സിനിമയിൽ കാവ്യ അഭിനയിച്ച കഥാപാത്രത്തിന്‍റെ മുറി ഒരുക്കിയത് കൂടുതലും തുണിയലങ്കാരം കൊണ്ടായിരുന്നു. തുണിയുടെ പാവകളും മറ്റുമൊക്കെയുണ്ടായിരുന്നു. ആ പെൺകുട്ടി അത്തരം പാവകളെ ഏറെ ഇഷ്ടപ്പെടുന്നതായി ഇൻട്രൊഡക്ഷൻ സീനുകളിൽ തന്നെ വ്യക്തമാണല്ലോ. അത്തരത്തിലൊന്നായിരുന്നു മുറിയിൽ മാധവനെ ഒളിപ്പിക്കാനായൊരുക്കിയ വലിയൊരു പാവയും എന്ന് ഒരു അഭിമുഖത്തിൽ ജോസഫ് നെല്ലിക്കൽ പറഞ്ഞു.
അത്തരത്തിൽ പല ചെറിയ കാര്യങ്ങളും സിനിമയിലുണ്ട്. അതുപോലെയൊന്നാണ് സിനിമയിൽ ദിലീപ് അവതരിപ്പിച്ച മാധവന്‍റെ കഥാപാത്രത്തെ കുടുക്കാൻ രുക്മിണി വയ്ക്കുന്ന കെണി. ഒരുസ്ഥലത്ത് അമര്‍ത്തിയാൽ അത് തുടര്‍ന്ന് പോയി ലോക്കാകുന്ന സ്ലാബ്സ്റ്റിക് രീതിയിലുള്ള ലോക്ക് വേണമെന്നായിരുന്നു പറഞ്ഞിരുന്നത്. അതിനായി ബേബിസ് ഡേ ഔട്ട് റഫറൻസൊക്കെ ഞാൻ നോക്കിയിരുന്നു എന്നും ജോസഫ് പറയുന്നു. പിന്നീടത് കയറുകളും വടികളും ഉപയോഗിച്ച് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. വാതിൽ ഡോര്‍ തുറന്നാൽ കയറുകൊണ്ട് തുടരെ തുടരെ ലോക്കാകുന്നൊരു സംവിധാനമാണ് ആദ്യം ഉണ്ടാക്കിയത്. പക്ഷേ രംഗം ഷൂട്ട് ചെയ്തപ്പോള്‍ ഘട്ടം ഘട്ടമായി ചെയ്യേണ്ടതായി വന്നു. അതിനാൽ അത് പൊളിക്കേണ്ടി വന്നുവെന്ന് അദ്ദേഹം പറയുന്നു.
പിന്നീട് ഷൂട്ട് ചെയ്യുന്ന ഫ്രെയിമിനുവേണ്ടി മാത്രമാക്കി ഒരെണ്ണം ഉണ്ടാക്കി. ഓരോ സീനിനുവേണ്ടി ഓരോ രീതിയിൽ ഒരുക്കി. അത് പല പല സമയത്തായി ഷൂട്ട് ചെയ്തു. പക്ഷേ സിനിമയിൽ കാണുമ്പോള്‍ ഒരു കയറിൽ മാധവൻ ചവിട്ടിയതുകൊണ്ടാണ് പിന്നീട് എല്ലാം തുടര്‍ന്ന് സംഭവിക്കുന്നതും അയാള്‍ വലയിലാകുന്നതുമെന്ന് തോന്നും വിധമായിരുന്നു സംവിധായകൻ ലാൽ ജോസും ടീമും ചിത്രീകരിച്ചത് എന്നും ജോസഫ് കൂട്ടിച്ചേർത്തു. ജോസഫ് നെല്ലിക്കൽ ഇതിനോടകം മീശമാധവൻ, പട്ടണത്തിൽ സുന്ദരൻ, വെള്ളിത്തിര, പട്ടാളം, നരൻ, ലയൺ, പോത്തൻവാവ, ബിഗ് ബി, മാടമ്പി, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലൈല ഒ ലൈല, 2 കൺട്രീസ്, പുലിമുരകൻ, മധുരരാജ, ജാക്ക് ആൻഡ് ഡാനിയേൽ തുടങ്ങി നിരവധി സിനിമകൾക്ക് കലാസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. അദ്ദേഹം കലാസംവിധാനം ചെയ്ത ആറാട്ട് എന്ന മോഹൻലാൽ സിനിമയാണ് ഇനി പുറത്തിറങ്ങാനൊരുങ്ങുന്നത്.