വാത്തിയുടെ രണ്ടാം വരവ്! ആരാധകരെ ആവേശത്തിലാക്കി പുതിയ അപ്ഡേറ്റ്!

തെന്നിന്ത്യൻ സിനിമയെ ഒന്നടങ്കം ഞെട്ടിച്ച ചിത്രമായിരുന്നു മാസ്റ്റർ. കോവിഡ് മഹാമാരി കാരണം അടഞ്ഞു കിടന്ന തിയറ്ററുകളിലേക്ക് രക്ഷകനായി എത്തിയ തമിഴ് ചിത്രമായിരുന്നു മാസ്റ്റർ. 50 ശതമാനം മാത്രം ഒക്ക്യൂപ്പൻസിയിൽ ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത് എങ്കിൽ പോലും അസൂയാർഹമായ വിജയമാണ് ചിത്രം നേടിയത്. ദളപതി വിജയ് മക്കൾ സെൽവൻ വിജയ് സേതുപതിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോകേഷ് കനകരാജാണ് ചിത്രത്തെ സംവിധാനം ചെയ്തത്.

ചിത്രത്തിന് വിജയത്തിന് ശേഷം വിജയ്‌യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. പിങ്ക്‌വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ് അഭിനയിക്കുന്ന 67 ആം സിനിമയായിരിക്കും ഇത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കമല്‍ഹാസനും ഫഹദ് ഫാസിലും ഒന്നിക്കുന്ന വിക്രം സിനിമയുടെ വര്‍ക്കിലാണ് ഇപ്പോള്‍ ലോകേഷ് കനകരാജ്.

വിജയ്‌യെ നായകനാക്കി വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും ദളപതി 67ന് മുമ്പ് അഭിനയിക്കുക. വിജയ്‌യും നാനിയും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും വംശി പെഡിപ്പള്ളി ചിത്രത്തിനുണ്ട്. നാനി സിനിമയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 2022ലെ ദീപാവലി റിലീസോ 2023ലെ പൊങ്കല്‍ റിലീസോ ആയി ചിത്രം പുറത്തിറക്കാനാണ് തീരുമാനം. ലോകേഷ് കനകരാജ് ചിത്രത്തിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയിലായിരിക്കും വിജയ് അഭിനയിക്കുക. 2023 പകുതിയോടെയായിരിക്കും ആറ്റ്‌ലി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. 2021 ജനുവരി 13ന് പുറത്തിറങ്ങിയ മാസ്റ്റര്‍ അന്നത്തെ വമ്പന്‍ ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. അതേസമയം, ഏപ്രില്‍ 14ന് റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 

Related posts