BY AISWARYA
മരക്കാര്‍ സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈയിടെ വിവാദങ്ങള്‍ ചൂടുപ്പിടിച്ചിരുന്നു. ഒടുവില്‍ തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. ഡിസംബര്‍ 2 ന് റിലീസിനായി ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ആമസോണ്‍ പോലൊരു കമ്പനിയുമായി കരാറിലെത്തിയിരുന്നെങ്കില്‍ തിയേറ്റര്‍ റിലീസിനായി അവര്‍ ഈ സിനിമ തിരിച്ച് തരില്ലായിരുന്നു. ഒടിടിക്ക് വേണ്ടി ഇന്ന്് സിനിമ നല്‍കിയാല്‍ നാളെ തിരിച്ച് ലഭിക്കില്ല. മരക്കാര്‍ തിയേറ്ററിനായി ഇറക്കിയതാണ്. തിയേറ്ററില്‍ റിലീസ് ചെയ്യാനായാണ് രണ്ട് വര്‍ഷം കാത്തിരുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഒരുഘട്ടത്തിലും മരക്കാറിന്റെ ഒടിടി റിലീസ് ലക്ഷ്യമായിരുന്നില്ല. തിയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലേക്ക് സിനിമ നല്‍കാനാണ് കരുതിയതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. മറ്റ് പല സിനിമകളും ഒടിടിക്ക് വേണ്ടി എടുത്തതാണ്. ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍ അടക്കമുള്ള സിനിമകള്‍ ഇതില്‍പെടുന്നു. ഇത് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി എടുത്തതാണ്. അതില്‍ തിയേറ്ററിലെ കാര്യങ്ങള്‍ പരിഗണിച്ച് തീരുമാനമെടുക്കും.
43 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്നു. നിര്‍മാതാവുമാണ്. ഞാന്‍ ബിസിനസുകാരന്‍ തന്നെയാണ്. 100 കോടി മുടക്കിയാല്‍ 105 കോടി ലഭിക്കണം എന്ന് കരുതുന്നതില്‍ എന്താണ് തെറ്റെന്നും മോഹന്‍ലാല്‍ ചോദിച്ചു.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാര്‍’ എന്ന്് മുന്‍പ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മഞ്ജു വാര്യര്‍ നായികയാവു ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നു തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീ – നടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.നൂറുകോടി മുതല്‍ മുടക്കില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. സമ്പന്നമായ താരനിരയ്‌ക്കൊപ്പം പുതു തലമുറയുടെ ഒത്തുചേരല്‍ കൂടിയാണ് ചിത്രം. കളിക്കൂട്ടുകാരായ പ്രണവ് മോഹന്‍ലാലും കല്ല്യാണി പ്രിയദര്‍ശനും ‘മരക്കാറി’ല്‍ ഒന്നിച്ച് അഭിനയിക്കുന്നുമുണ്ട്.
‘ഒപ്പം’ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തിരു ചിത്രത്തിന്റെ ഛായാഗ്രഹണവും സാബു സിറില്‍ കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂഷോട്ട് എന്റെര്‍റ്റൈന്‍ന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. റോണി റാഫേല്‍ സംഗീതവും രാഹുല്‍ രാജ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു.