ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നാകെ കാത്തിരിക്കുന്ന സിനിമയാണ് മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം. നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് നൽകിയ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രവും കൂടിയാണ് ഇത്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം മെയ് ആദ്യവാരം റിലീസ് ചെയ്യുവാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ റിലീസ് വീണ്ടും മാറ്റിയെന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. കൊറോണ വൈറസ് രണ്ടാം തരംഗം രാജ്യത്ത് അതീവ രൂക്ഷമായ സാഹചര്യത്തിലാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഈ വര്‍ഷം തന്നെ ഇത് മൂന്നാം തവണയാണ് മരക്കാര്‍ തീയേറ്റര്‍ റിലീസ് മാറ്റി വയ്ക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 19നാണ് റിലീസ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഈ വർഷം മാര്‍ച്ച് 26ന് റിലീസ് ചെയ്യാനായിരുന്നു നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നത്.
ശേഷം അത് മെയ് 13ലേക്ക് മാറ്റിയിരുന്നു. നിലവിലെ സ്ഥിതി മാറിയാൽ ചിത്രം ഓഗസ്റ്റിൽ ഓണ സമയത്ത് റിലീസ് ചെയ്യനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചിത്രത്തിന്‍റെ നിർമാതാവ് ആന്‍റണി പെരുമ്പാവൂർ അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തീയേറ്ററുകളിൽ ആളുകളെത്തില്ലെന്നതിനാലാണ് റിലീസ് ഇപ്പോള്‍ ഓഗസ്റ്റ് 12 ലേക്ക് മാറ്റിയതായാണ് അറിയിച്ചിരിക്കുന്നത്. ഒടിടി റിലീസിനുള്ള സാധ്യതയുണ്ടാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. അടുത്തിടെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച സിനിമ കൂടിയാണ് മരക്കാര്‍.
സ്‌പെഷ്യല്‍ ഇഫക്ട്, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം ഒരു വര്‍ഷത്തിലേറെയായി ഇപ്പോള്‍ റിലീസ് നീണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ തുടങ്ങിയ ഭാഷകളിലായണ് 100 കോടി ബജറ്റിലൊരുക്കിയിരിക്കുന്ന ചിത്രമെത്തുന്നത്. മോഹൻലാലിന് പുറമെ സുനിൽ ഷെട്ടി, അര്‍ജുൻ സര്‍ജ, പ്രഭു, മഞ്ജു വാര്യര്‍, പ്രണവ് മോഹൻലാൽ, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, ഫാസിൽ, സുഹാസിനി, ഇന്നസെന്‍റ്, മാമുക്കോയ, നന്ദു, ഹരീഷ് പേരടി, സുരേഷ് കൃഷ്ണ, ബാബുരാജ്, സന്തോഷ് കീഴാര്റൂര്‍, രൺജി പണിക്കര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് സിനിമയുടെ നിര്‍മ്മാണം.