ബീന ആന്റണിയും മനോജ് കുമാറും മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഇരുവരും വ്യത്യസ്ത പരിപാടികളിലൂടെ ഒരുപാട് വർഷങ്ങളായി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ്. സിനിമയിലും സീരിയലിലും മാത്രമല്ല മറ്റു കോമഡി സ്റ്റേജ് പരിപാടികളിലൂടെയും ഇരുവരും മലയാളികൾക്ക് മുന്നിൽ എത്താറുണ്ട്. സോഷ്യൽ മീഡിയയിലും ബീന ആന്റണിയും മനോജ് കുമാറും സജീവമായുണ്ട്. ഇരുവർക്കും ഒരു യൂട്യൂബ് ചാനൽ ഉണ്ട്. അതിലൂടെ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും മറ്റും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ മനോജ് പങ്കിട്ട ഒരു വീഡിയോ വൈറലായിരുന്നു. എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കിട്ടത്. ഇപ്പോഴിത താൻ കാരണം വിമർശനം നേരിടേണ്ടി വന്നവരോട് മാപ്പ് ചോദിച്ച് എത്തിയിരിക്കുകയാണ് മനോജ്.
വാക്കുകളിങ്ങനെ, തെറി പറഞ്ഞവരോടും സങ്കടവും പരിഭവവും പറഞ്ഞവരോടും എന്റെ ഭാര്യയോടും മാപ്പ്. ഞാനൊരു വീഡിയോ ഇട്ട് ആദ്യമായിട്ടാണ് എന്നെ വളരെ അധികം വിമർശിച്ചും മറ്റുമുള്ള കമന്റ്സ് വന്നിരിക്കുന്നത്. അതിൽ എനിക്ക് സങ്കടമുണ്ട്. ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാകാതെ ഞാൻ നൽകിയ ടൈറ്റിൽ വെച്ച് ആളുകൾക്ക് തോന്നിയ വികാരമാണ് അവർ പ്രകടിപ്പിച്ചത്. ഞാൻ അതിൽ ആരെയും കുറ്റം പറയില്ല. എനിക്ക് ആരോടും പരിഭവവുമില്ല. നിങ്ങൾ ചീത്ത പറഞ്ഞതിനും പരിഭവിച്ചതിനും കാരണമുണ്ട്. ഒരിക്കലും നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കാത്ത കാണാൻ ആഗ്രഹിക്കാത്ത ഒരു ടൈറ്റിലാണ് അന്ന് ഞാൻ നൽകിയത്. എന്നിൽ നിന്നും ബീനയിൽ നിന്നും നിങ്ങൾ അത് കാണാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്നവർക്ക് അതൊരു വലിയ ഷോക്കായി. ആ ഷോക്കിലൂടെയാണ് അവർ വീഡിയോ കണ്ടതെന്നും മനസിലാക്കുന്നു. മാത്രമല്ല ആദ്യമായിട്ടാണ് ഞാൻ കമന്റ് ബോക്സ് ഓഫാക്കി ഇടുന്നത്. പലരും പല രീതിയിലാണ് എന്നെ വിമർശിച്ചത്. പൈസയുണ്ടാക്കാൻ വേണ്ടി എന്ത് തെണ്ടിത്തരവും തൊട്ടിത്തരവും കാണിക്കുന്നുവെന്നൊക്കെ പലരും പറഞ്ഞു. റീച്ച് കിട്ടാൻ തോന്നിവാസം കാണിക്കുന്നു.
സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഭാഗ്യലക്ഷ്മി എന്ന സീരിയലിലാണ് ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സോണിയയായിരുന്നു ടൈറ്റിൽ റോൾ ചെയ്തത്. അടുത്തിടെ ചില അസൗകര്യങ്ങൾ മൂലം സോണിയ സീരിയലിൽ നിന്നും പിന്മാറി. ടൈറ്റിൽ റോളൊക്കെ ചെയ്യുന്നവർ പെട്ടന്ന് സീരിയലിൽ നിന്നും പിന്മാറിയാൽ അത് വലിയ തോതിൽ ചിലപ്പോൾ സീരിയലിനെ ബാധിക്കും.’ അങ്ങനെയിരിക്കെയാണ് സംവിധായകന്റെ ആവശ്യപ്രകാരം അന്ന് രശ്മി സോമനെ കൂട്ടി വീഡിയോ ചെയ്തത്. രശ്മി സോമനാണ് ഇനി മുതൽ ഭാഗ്യലക്ഷ്മിയായി അഭിനയിക്കാൻ പോകുന്നത്. മാത്രമല്ല വെറൈറ്റിയോടെ വീഡിയോ ചെയ്യണമെന്നും പ്ലാനുണ്ടായിരുന്നു. അങ്ങനെയാണ് ഭാര്യ ഉപേക്ഷിച്ച് പോയി എന്ന തരത്തിൽ ഹെഡ്ഡിങ് ഇട്ടത്. ഞാൻ യുട്യൂബ് വരുമാനം കൊണ്ടല്ല ജീവിക്കുന്നത്. യുട്യൂബിൽ വീഡിയോ ഇടുന്നത് ആഗ്രഹത്തിന്റെ പുറത്താണ് എന്നും മനോജ് പറഞ്ഞു.