മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി മലയാളികളുടെ മനസ്സിലേക്ക് ലാലേട്ടൻ ചേക്കേറിയത്.മലയാള സിനിമയെ ലോകം മുഴുവൻ ഉള്ള സിനിമ പ്രേമികൾ ഉറ്റു നോക്കുന്ന രീതിക്ക് കൈപിടിച്ച് ഉയർത്തുവാൻ അദ്ദേഹം ഒരു നേടും തൂണായി നിന്നു. അഭിനയത്തിന് പുറമേ നന്നായി ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന വ്യക്തി കൂടിയാണ് മോഹന്‍ലാല്‍. ഭക്ഷണത്തോടുള്ള മോഹന്‍ലാലിന്റെ ബഹുമാനം വെളിവാക്കുന്ന ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മനോജ് കെ. ജയന്‍. സാഗര്‍ ഏലിയാസ് ജാക്കിയുടെ സെറ്റില്‍ വെച്ച് താന്‍ വേസ്റ്റ് ആക്കിയ ആഹാരം മോഹന്‍ലാല്‍ കഴിച്ചുവെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലുമൊത്തുള്ള അനുഭവം മനോജ് കെ. ജയന്‍ പങ്കുവെച്ചത്.
‘സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് കോവളത്ത് നടന്നുകൊണ്ടിരിക്കുകയാണ്. രാവിലെ ഏഴരയ്ക്ക് തുടങ്ങിയ ഷൂട്ടാണ്. ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ലേറ്റായി. ഒറ്റ സ്‌ട്രെച്ചിലെടുക്കേണ്ട ഷോട്ടാണ്. ഇതിനിടയ്ക്ക് ബ്രേക്കില്ല. നിങ്ങള്‍ പോയി കഴിച്ചോളാന്‍ അമല്‍ നീരദ് പറഞ്ഞു. 9:30 ആയപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. മോനേ കഴിച്ചാലോ. ലാലേട്ടാ ഇവിടെ ഇരുന്നു കഴിക്കാനുള്ള സൗകര്യമില്ലല്ലോയെന്ന് ഞാന്‍ പറഞ്ഞു. എന്റെ പജീറോ ഇവിടെയുണ്ട് എന്ന് പറഞ്ഞ് അദ്ദേഹം വണ്ടിയുടെ അടുത്തേക്ക് എന്നെ കൂട്ടികൊണ്ടുപോയി. അവിടെ ചെന്ന് ഇഡലിയും സാമ്പാറും ചമ്മന്തിയും എടുത്തു. ഞാന്‍ രണ്ട് ഇഡലി എടുത്ത് ചമന്തി ഒഴിച്ച് കുഴച്ചു. പക്ഷേ ഇത്രേം സമയമായതുകൊണ്ട് ചമ്മന്തി വളിച്ചു പോയിരുന്നു. എനിക്ക് ഭക്ഷണത്തിന്റെ രുചി മാറിയാല്‍ വലിയ ബുദ്ധിമുട്ടാണ്. സാമ്പാര്‍ കഴിച്ചാല്‍ ഗ്യാസിന്റെ പ്രശ്‌നം വരും,’ മനോജ് പറഞ്ഞു.
‘ഞാന്‍ കഴിക്കാനാവാതെ കുഴച്ചോണ്ടിരിക്കുവാണ്. നോക്കുമ്പോള്‍ ലാലേട്ടന്‍ ആസ്വദിച്ച് കഴിക്കുകയാണ്. ഞാന്‍ കഴിക്കാതിരിക്കുന്നത് കണ്ട് ലാലേട്ടന്‍ ചോദിച്ചു എന്താ മോനേ കഴിക്കുന്നില്ലേ. ചമ്മന്തി കുറച്ച് വളിച്ചുവെന്ന് പറഞ്ഞു. പിന്നെ എന്തിനാ മോനേ അത്രയും ഇഡലി എടുത്തത്. വേസ്റ്റ് ചെയ്യാന്‍ പാടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
സാമ്പാര്‍ ഒഴിച്ച് കഴിക്കെന്ന് പറഞ്ഞു. ഞാന്‍ ഗ്യാസിന്റെ പ്രശ്‌നം പറഞ്ഞു. മോനേ ഭക്ഷണത്തോട് ഒരിക്കലും ഇങ്ങനെ ചെയ്യല്ല്. ഒരു നേരത്തെ ഭക്ഷണം ദൈവം തരുന്നതാണ്. എന്നൊക്കെ പറഞ്ഞ് അദ്ദേഹം എന്നെ ഉപദേശിച്ചു. അപ്പോള്‍ പുള്ളൂടെ ഫുഡ് ഓള്‍മോസ്റ്റ് കഴിഞ്ഞു. പ്ലേറ്റ് നല്ല ക്ലീനാക്കി വെച്ചിരിക്കുകയാണ്. ഞാനോര്‍ത്തു എന്റെ ഫുഡ് കളയാം.
അപ്പോള്‍ ലാലേട്ടന്‍ ചോദിച്ചു നിങ്ങള് കഴിക്കുന്നില്ലേ, ഇങ്ങ് താ. അങ്ങനെ എന്റെ കൈ കൊണ്ട് ഞാന്‍ കുഴച്ച് മറിച്ചിട്ട ഫുഡ് മുഴുവന്‍ ലാലേട്ടന്‍ കഴിച്ചു. നമ്മുടെ കുടുംബത്തിലുള്ളവര്‍ പേലും മടിക്കും. ആരായാലും മടിക്കും. ആ ഫുഡ് ഒരു മഹാനടന്‍ ഞാന്‍ കുഴച്ച് മറിച്ചിട്ട ആ ഫുഡ് അദ്ദേഹം മുഴുവന്‍ കഴിച്ചു,’ മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.