മഞ്ജു വാര്യർ ഇന്ന് മലയാളികളുടെ ലേഡി സൂപ്പർസ്റ്റാറാണ്. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജു മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമായി. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് താരം മാറി നിന്നിരുന്നു. ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. സൂപ്പർ താരങ്ങളുടെ നായികയായും സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയും രണ്ടാം വരവിലും തിളങ്ങി നിൽക്കുകയാണ് മഞ്ജു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
കഴിഞ്ഞദിവസം ഫ്ലവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ, തന്റെ ജീവിത വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം സിനിമയിലേക്ക് തിരിച്ചു വന്നതിനെ കുറിച്ചും മഞ്ജു പറഞ്ഞിരുന്നു. 14 വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ അമ്പലത്തിൽ വച്ച് ഒരു നൃത്തം ചെയ്തിരുന്നു, എന്നാൽ ആ സമയത്ത് താൻ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല എന്ന് മഞ്ജു പറഞ്ഞിരുന്നു. അവിടെയുള്ള ആൾക്കൂട്ടം കണ്ട് തനിക്ക് ടെൻഷൻ ആയിരുന്നു. അപ്പോഴാണ് തന്നെ ആളുകൾ ഇപ്പോഴും ഓർക്കുന്നുണ്ട് എന്ന് മനസ്സിലായത് മഞ്ജു പറഞ്ഞു.
താൻ തീരുമാനങ്ങളെടുക്കുമ്പോൾ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളൂവെന്ന് നടി പറയുന്നു. അച്ഛൻ പറഞ്ഞുവെന്നതിന്റെ പേരിൽ ഞാൻ തീരുമാനം എടുത്തിട്ടില്ലെന്നും, എന്റെ ആ സമയത്തെ തോന്നലിന് അനുസരിച്ച് തീരുമാനങ്ങൾ എടുക്കാറുണ്ട് മഞ്ജു പറഞ്ഞു. മകൾ ഇനിയെങ്ങനെ ജീവിക്കുമെന്ന തരത്തിൽ അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം. 45 വയസാവുമ്പോൾ അവൾ തനിച്ചാവില്ലേ, അവൾക്ക് സിനിമ ഉണ്ടാവണമെന്നില്ലല്ലോ, എങ്ങനെ ജീവിക്കുമെന്ന ആശങ്ക അച്ഛനെ അലട്ടിയിരിക്കാമെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.