ഇന്ന് ജൂൺ 19 ,ദേശിയ വായന ദിനം. ഏതൊക്കെ ടെക്നോളജി വന്നു എന്നിരുന്നാലും മനുഷ്യന് എന്നും വായന പ്രിയപ്പെട്ടത് തന്നെയാണ്. അത് തന്നെയാണ് ഈ ദിവസത്തെ പ്രേത്യകതയുള്ളതാക്കുന്നതും. ഇപ്പോഴിതാ വായനാദിനത്തില്‍ ഒരു സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. വായനാശാലയില്‍ പോകാന്‍ പറ്റാത്തതുകൊണ്ട് വീട്ടില്‍ ഒരു വായനശാല വരച്ചുണ്ടാക്കിയ കാര്യമാണ് മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
താന്‍ ക്യാന്‍വാസില്‍ വരച്ച ബുക്ക് ഷെല്‍ഫിന്റെ ചിത്രം മഞ്ജു ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. ‘എന്ത്! വായനാദിനത്തില്‍ എനിക്ക് വായനശാലയില്‍ പോകാന്‍ പറ്റില്ലെന്നോ? ആ കുഴപ്പമില്ല, ഞാന്‍ എനിക്ക് വേണ്ടി ഒരു വായനശാലയങ്ങ് വരച്ചുണ്ടാക്കാന്‍ നോക്കിയേക്കാം,’ ചിത്രം പങ്കുവെച്ചുകൊണ്ട് മഞ്ജു ഫേസ്ബുക്കിലെഴുതി. ആക്‌സിഡന്റല്‍ ആര്‍ട്ടിസ്റ്റ്, ലോക്ഡൗണ്‍ ഡയറീസ് എന്നീ ഹാഷ്ടാഗുകളും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. എന്തായാലും മഞ്ജുവിന്റെ വരയ്ക്കാനുള്ള കഴിവ് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അഭിനയത്തിലൂടെ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിയ മഞ്ജു വാര്യര്‍ മികച്ച ഡാന്‍സര്‍ കൂടിയാണ്. അടുത്ത കാലത്തായി പിന്നണി ഗാനരംഗത്തും നടി കഴിവ് തെളിയിച്ചിരുന്നു.
ഇപ്പോള്‍ താനൊരു ചിത്രകാരി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് നടി. ഇത്രയും മേഖലകളില്‍ ഒരാള്‍ക്കെങ്ങനെ പ്രാവീണ്യം തെളിയിക്കാനാകുമെന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രം പോസ്റ്റ് ചെയ്ത് കുറച്ച് സമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് ലൈക്ക് ചെയ്തും കമന്റുകളില്‍ അഭിനന്ദനവുമായും എത്തിയിരിക്കുന്നത്. ചിത്രം മനോഹരമായിരിക്കുന്നതെന്നും അബദ്ധത്തില്‍ കലാകാരിയായി എന്നൊന്നും പറയല്ലേയെന്നുമാണ് കമന്റുകളില്‍ പറയുന്നത്.ടെക്‌നോ ഹൊറര്‍ ചിത്രമായ ചതുര്‍മുഖമാണ് മഞ്ജു വാര്യരുടെ അവസാനമിറങ്ങിയ ചിത്രം. കയറ്റം, ജാക്ക് ആന്റ് ജില്‍, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ എന്നിവയാണ് നടിയുടെ ഇറങ്ങാനുള്ള ചിത്രങ്ങള്‍.