സാക്ഷ്യം എന്ന മലയാള ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് മഞ്ജു വാര്യർ. ലോഹിത ദാസിന്റെ കഥയിലും സുന്ദർ ദാസിന്റെ സംവിധാനത്തിലും പുറത്തുവന്ന സല്ലാപത്തിലൂടെയാണ് മഞ്ജു വാര്യർ പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. ശേഷം നിരവധി ചിത്രങ്ങൾ മഞ്ജുവിനെ തേടിയെത്തി. 1999 ൽ അഭിനയത്തിൽ നിന്നും ഇടവേള എടുക്കുമ്പോഴേക്കും ഏകദേശം ഇരുപതോളം ചിത്രങ്ങൾ മഞ്ജുവിന്റേതായി പുറത്തുവന്നിരുന്നു. നായികാ പ്രാധാന്യമുള്ള ചിത്രങ്ങളായിരുന്നു അവയിൽ ഏറെയും. ശേഷം 2014ൽ ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തന്റെ അതിഗംഭീരമായ തിരിച്ചുവരവ് നടത്തി. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയും ചെയ്തു.
മലയാളത്തിന് പുറമെ ആദ്യമായി തമിഴിൽ ധനുഷിന്റെ നായികയായി അസുരനിലൂടെ അരങ്ങേറ്റം കുറിച്ചു. അസുരനിലെ പച്ചയമ്മാൾ
എന്ന കഥാപാത്രം പ്രേക്ഷക പ്രശംസയും ഒപ്പം നിരൂപക പ്രശംസയും നേടി. കഴിഞ്ഞ ദിവസം താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദ പ്രീസ്റ്റിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള പത്രസമ്മേളനത്തിൽ തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനെ കുറിച്ച് സൂചന നൽകിയിരുന്നു. തൊട്ടുപിന്നാലെ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.
പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ആർ മാധവനാണ് ചിത്രത്തിലെ നായകൻ. ചലച്ചിത്ര നിരൂപകനും നിരീക്ഷകനുമായ ശ്രീധർ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടത്. ചിത്രത്തിന്റെ ലൊക്കേഷൻ ഭോപ്പാലിലാണ് എന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ഉടൻ ഉണ്ടാവും എന്നും ശ്രീധർ പിള്ള അറിയിച്ചു. മഞ്ജു വാര്യരുടെ തന്നെ ചിത്രം ‘പ്രതി പൂവൻകോഴി’യുടെ ഹിന്ദി റീമേക് അവകാശം പ്രശസ്ത നിർമാതാവ് ബോണി കപൂർ സ്വന്തമാക്കിയിരുന്നു. ദി പ്രീസ്റ്റ്, മരക്കാർ: അറബിക്കടലിന്റെ സിംഹം, ജാക്ക് ആൻഡ് ജിൽ, കയറ്റം, ചതുർ മുഖം, ലളിതം സുന്ദരം, പടവെട്ട് , മേരി ആവാസ് സുനോ തുടങ്ങിയവയാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.