നമുക്കിടയിൽ വേർപിരിയലുകളില്ല, എവിടെയായിരുന്നാലും എപ്പോഴും എന്റെ മനസിലുണ്ടാവും! വൈറലായി മഞ്ജു പിള്ളയുടെ പോസ്റ്റ്!

മലയാളികളുടെ പ്രിയപ്പെട്ട നടി കെപിഎസി ലളിതയുടെ വിയോഗം ഇപ്പോഴും കേരളത്തിന് വിശ്വസിക്കാനാവുന്നില്ല. ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചാണ് ആ അതുല്യ പ്രതിഭ വിടപറഞ്ഞത്. താരത്തിന്റെ വിയോഗം മലയാള സിനിമയിലെ താരങ്ങൾക്കും വലിയൊരു ആഘാതമാണ് ഉണ്ടാക്കിയത്. കെപിഎസി ലളിതയുമായി വളരെയടുത്ത ബന്ധം നിലനിർത്തിയിരുന്ന താരമാണ് മഞ്ജു പിള്ള. ഇരുവരും തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നു. അടുത്ത് തന്നെയുണ്ടായിരുന്നതിനാൽ പെട്ടെന്ന് തന്നെ ഇവിടേക്ക് എത്താനായെന്നും മഞ്ജു പറഞ്ഞിരുന്നു. കെപിഎസി ലളിതയെക്കുറിച്ചുള്ള മഞ്ജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

നമുക്കിടയിൽ വേർപിരിയലുകളില്ല, എവിടെയായിരുന്നാലും എപ്പോഴും എന്റെ മനസിലുണ്ടാവും. എന്നെന്നുമായി എന്റെ ഹൃദയത്തിലും. ലളിതാമ്മയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രത്തിനൊപ്പമായാണ് മഞ്ജു പിള്ള ഇങ്ങനെ കുറിച്ചത്. റിമി ടോമി, സരിത ജയസൂര്യ, ശ്വേത മേനോൻ, അനുമോൾ, രഞ്ജിനി ജോസ്, രാധിക റസിയ തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. ഒരു മകൾക്ക് എങ്ങനെ അമ്മയെ പിരിയാൻ പറ്റും, മഞ്ജു ചേച്ചി ഞങ്ങൾ കൂടെയുണ്ടെന്നായിരുന്നു ആരാധകർ കമന്റ് ചെയ്തത്.

കരൾ രോഗത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെ തൃപ്പൂണിത്തുറയിലെ വസതിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. നടിയുടെ വിയോഗം അറിഞ്ഞ് ഇന്നലെ രാത്രി തന്നെ തൃപ്പൂണിത്തുറയിലെ വീട്ടിൽ നിരവധി സിനിമ പ്രവർത്തകരും സാംസ്‌കാരിക രാഷ്ട്രീയ പ്രതിനിധികളും എത്തി അന്ത്യോപചാരം അർപ്പിച്ചു.

Related posts