നിന്റെ കെട്ടിയവനോട് അങ്ങനെ ചെയ്യാൻ പറയണം! കെ പി എ സി ലളിത സുജിത്തിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയെന്ന് മഞ്ജു പിള്ള!

മലയാളികളുടെ പ്രിയപ്പെട്ട നടി കെപിഎസി ലളിതയുടെ വിയോഗം ഇപ്പോഴും കേരളത്തിന് വിശ്വസിക്കാനാവുന്നില്ല. ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചാണ് ആ അതുല്യ പ്രതിഭ വിടപറഞ്ഞത്. താരത്തിന്റെ വിയോഗം മലയാള സിനിമയിലെ താരങ്ങൾക്കും വലിയൊരു ആഘാതമാണ് ഉണ്ടാക്കിയത്. കെപിഎസി ലളിതയുമായി വളരെയടുത്ത ബന്ധം നിലനിർത്തിയിരുന്ന താരമാണ് മഞ്ജു പിള്ള. ഇരുവരും തമ്മിൽ അടുത്ത ബന്ധമായിരുന്നു. തട്ടീംമുട്ടീം എന്ന ഹാസ്യ പരമ്പരയില്‍ ഇരുവരും ഒരുമിച്ചായിരുന്നു അഭിനയിച്ചിരുന്നത്. ആദ്യം കണ്ടപ്പോള്‍ മുതല്‍ താന്‍ അമ്മയെന്നാണ് അവരെ വിളിച്ചതെന്ന് പറയുകയാണ് മഞ്ജു.

മഞ്ജു പിള്ളയുടെ വാക്കുകള്‍ ഇങ്ങനെ, സീരിയല്‍ ഷൂട്ടിനിടയില്‍ വെച്ചാണ് അമ്മയെ ആദ്യമായി കണ്ടത്. നീ എസ്പി അണ്ണന്റെ കൊച്ചുമോളല്ലേ, നിന്റെ തറവാട്ടിലൊക്കെ ഞാന്‍ വന്നിട്ടുണ്ട്. നിന്നെക്കാണാന്‍ എന്റെ ശ്രീക്കുട്ടിയെപ്പോലെ തന്നെയുണ്ടെന്നുമായിരുന്നു അന്ന് ലളിതാമ്മ പറഞ്ഞത്. ഒന്നോ രണ്ടോ സിനിമകളിലേ അമ്മയുടെ മകളായി അഭിനയിച്ചിട്ടുള്ളൂ. എന്നാല്‍ തട്ടീം മുട്ടീമിലൂടെയായാണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്. ഇടയ്ക്കിടയ്ക്ക് അമ്മ എന്നെ ഫ്ളാറ്റിലേക്ക് വിളിക്കും. അതേപോലെ തന്നെ നല്ല രുചിയുള്ള ഭക്ഷണവും തരും. ഞാനുണ്ടാക്കുന്ന ഭക്ഷണത്തിന് എന്തെങ്കിലും കുറ്റം പറയുകയും ചെയ്യും. പായസം പോലെയാണ് എന്റെ അവിയല്‍ എന്ന് പറഞ്ഞ് കളിയാക്കാറുണ്ട്. ജീരകം അരച്ചാണ് അവിയലുണ്ടാക്കുന്നത്, അത് അമ്മയ്ക്കിഷ്ടമല്ലാത്തതിനാലാണ് പായസം പോലെ ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് കളിയാക്കിയിരുന്നത്.

എന്നെ മാത്രമല്ല സുജിത്തിനെക്കുറിച്ച് പറഞ്ഞും അമ്മ എത്താറുണ്ട്. അമര്‍ അക്ബര്‍ അന്തോണി ചെയ്തിരുന്ന സമയത്തെ രസകരമായ സംഭവമുണ്ട്, നിന്റെ കെട്ടിയവനില്ലേ ആ മൊട്ട, അവന്‍ ഈ ലോകത്തുള്ള സകല ലൈറ്റും എന്റെ കണ്ണിലേക്കാണ് വെച്ചത്. എനിക്ക് കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇനി ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞേക്കണമെന്നും അമ്മ അന്ന് പറഞ്ഞിരുന്നു. അമ്മയുടെ രൂപം വല്ലാതെ മാറിപ്പോയതിനാലും ഓര്‍മ്മ നഷ്ടപ്പെട്ടതിനാലും സന്ദര്‍ശകരെയൊന്നും സിദ്ധാര്‍ത്ഥ് അനുവദിച്ചിരുന്നില്ല. ഇടയ്ക്ക് താന്‍ ചോദിച്ചപ്പോള്‍ സിദ്ധാര്‍ത്ഥ് വന്നോളാന്‍ പറഞ്ഞിരുന്നു. അന്ന് ചെന്നപ്പോള്‍ അമ്മയെ വിളിച്ചപ്പോള്‍ ആ കാല്‍ ഒന്നനങ്ങിയിരുന്നു. അമ്മ മരിച്ച സമയത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കിയവരോട് രോഷമാണ് തോന്നുന്നത്.

Related posts