അവിശ്വസിനീയമായ സംഭവങ്ങളാണ് ചതുർമുഖം സിനിമയുടെ ലൊക്കേഷനിൽ നടന്നതെന്ന് മഞ്ജുവാര്യർ. താരത്തിന്റെ വെളിപ്പെടുത്തൽ ഉണ്ടായത് ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു. ചതുർമുഖം സണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറർ വിഭാഗത്തിൽപ്പെട്ട ചിത്രമാണ്.
അവിശ്വസനീയമായ പല സംഭവങ്ങളും ചതുർമുഖത്തിന്റെ ലൊക്കേഷനിൽ നടന്നു. അതൊന്നും ആദ്യം അത്ര കാര്യമാക്കിയില്ല. ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാവുന്നത് ഹൊറർ സിനിമയായതു കൊണ്ടാണ് എന്ന അഭിപ്രായം വന്നപ്പോൾ ലൊക്കേഷനിലെ എല്ലാവരിലും ഭയം തുടങ്ങി. എന്റെ മൊബൈൽ ഒരിക്കൽ നിലച്ചു. കാരണമറിയാതെ പേടിച്ചു. അതോടെ ഹൊറർ സിനിമയായതു കൊണ്ടാണെന്ന് എല്ലാവരും ഉറപ്പിച്ചു. ആ സംഭവം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായിതുടരുകയാണ്. ഒരു പെയിന്റിങിന്റെ ഷോട്ട് എടുക്കുന്ന സീനിൽ ഷോട്ട് എടുക്കുന്ന സമയത്ത് ആ പെയിന്റിങ് നിലത്തേയ്ക്ക് പതിച്ചു. ഷൂട്ടിനിടെ എന്റെ മൊബൈൽ മാത്രമല്ല മറ്റുള്ളവരുടെ ഫോണുകൾക്കും ഇതുപോലെ തന്നെ സംഭവിച്ചിരുന്നു-മഞ്ജു പറഞ്ഞു.
ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് കമല ശങ്കർ, സലീൽ വി എന്നിവർ ചേർന്നാണ്. മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ – ഹൊറർ സിനിമയായിരിക്കും ചതുർമുഖം. വളരെ സങ്കീർണ്ണതകളും, കൗതുകവും നിറഞ്ഞ ആശയവും ഈ കഥയിലുണ്ട്. ഏറെ പ്രത്യേകതകൾ ഉള്ള ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. ചിത്രത്തിൽ അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവൻ പ്രജോദ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. അഭിനന്ദൻ രാമാനുജ ഛായാഗ്രഹണവും മനോജ് ചിത്രസംയോജനവും മനു മഞ്ജിത്ത് ഗാനരചനയും നിർവഹിച്ചിരിക്കുന്നു. ഡോൺ വിൻസെന്റാണ് സംഗീത സംവിധാനവും സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത്. മൂവി വിതരണം നിർവഹിക്കുന്നത് സെഞ്ച്വറി ഫിലിംസാണ്. സിനിമ ഏപ്രിൽ 8 ന് തീയറ്ററുകളിൽ റിലീസ് ചെയ്യും.