കയ്യിലെ അവസാനത്തെ കാശ് എനിക്ക് ആഹാരം കഴിക്കാൻ ഹനീഫ തന്നു! മണിയൻപിള്ള രാജു പറയുന്നു!

മണിയൻപിള്ള രാജു തന്റെ പഴയകാല മദ്രാസ്‌ സിനിമാ ജീവിതത്തിൽ ഉണ്ടായിരുന്ന ഉറ്റമിത്രമായ കൊച്ചിൻ ഹനീഫയുമായി ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന വേറിട്ട ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ്. മലയാളത്തിന് കണ്ണീരിലാക്കി 2010 ഫെബ്രുവരി രണ്ടിന് ആണ് കൊച്ചിൻ ഹനീഫ വിടപറഞ്ഞത്. കൊച്ചിൻ ഹനീഫ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത് 1979 ൽ അഷ്ടാവക്രൻ എന്ന ചിത്രത്തിലെ ഒരു ചെറിയ റോളിൽ അഭിനയിച്ചായിരുന്നു. 1951 ഏപ്രിൽ 22ന് കൊച്ചി വെളുത്തേടത്ത് തറവാട്ടിൽ മൂഹമ്മദിന്റെയും ഹാജിറയുടെയും മകനായാണ് ഹനീഫ ജനിച്ചത്. കൊച്ചിയിലെ സെന്റ് ആൽബർട്ട്‌സ് സ്‌കൂളിലും കോളജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹനീഫ ബോട്ടണി ബിരുദധാരിയാണ്. കലാപ്രവർത്തനങ്ങൾ തുടങ്ങുന്നത് സ്‌കൂൾ തലത്തിൽ മോണോ ആക്ട് അവതരിപ്പിച്ചാണ്. തുടർന്ന് നാടകങ്ങളിലും സജീവമായി. കൊച്ചിൻ ഹനീഫ എന്ന പേര്‌ ലഭിക്കുന്നത് കൊച്ചിൻ കലാഭവൻ ട്രൂപ്പിൽ അംഗമായതോടെയാണ്. ശേഷം ചെന്നൈയിലേക്കു സിനിമാ മോഹവുമായി പോയി. സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെയാണ് തുടങ്ങിയത് എങ്കിലും ഹനീഫ പേരെടുത്തത് ഹാസ്യ വേഷങ്ങളിലൂടെയാണ് .

ഹനീഫയെക്കുറിച്ചുള്ള രാജുവിന്റെ വാക്കുകളിങ്ങനെ, ലോഡ്ജിൽ താമസിക്കുന്ന സമയത്ത് അപ്പുറത്തെ മുറിയിൽ ഹനീഫയുണ്ട്. ഞാൻ അന്നും കൃത്യമായി ഭക്ഷണം കഴിക്കും. പൈസ ഇല്ലാത്ത് കൊണ്ട് ചന്ദ്രമോഹൻ ഹോട്ടലിൽ തമ്പി കണ്ണന്താനം അക്കൗണ്ടുണ്ടാക്കി തന്നിരുന്നു. ഞാൻ രാവിലെ പോയി നാല് ഇഡ്ഡലി കഴിക്കും. 40, 50 പൈസ ഒക്കെയേ ആവൂ. നല്ല ഊണിന് ഒന്നര രൂപയാകും. ഞാൻ ഒരു രൂപയുടെ ജനത മീൽസാണ് കഴിച്ചിരുന്നത്, ഒരു കൂറ അലൂമിനിയം പാത്രത്തിൽ.അത് നാണക്കേടായി തോന്നിയപ്പോൾ ഞാൻ ഊണ് നിർത്തി ഉച്ചയ്ക്കും ഇഡ്ഡലിയാക്കി. ഹനീഫയുടെ ഭക്ഷണം പൊറോട്ടയായിരുന്നു. ഉച്ചയ്ക്ക് അഞ്ച് പൊറോട്ട വാങ്ങിക്കും. ഒരു ഡബിൾ ബുൾസൈയും. പുള്ളി ബ്രേക്ക്ഫാസ്റ്റും ലഞ്ചും ചേർത്ത് ബ്രഞ്ചാണ് കഴിച്ചിരുന്നത്. അന്നാണ് ഞാൻ ആ വാക്ക് കേൾക്കുന്നത്.

ഒരിക്കൽ എനിക്ക് അക്കൗണ്ടുണ്ടായിരുന്ന ചന്ദ്രമോഹൻ ഹോട്ടൽ അടച്ചിട്ട സമയം വന്നു. എന്റെ കൈയിൽ അഞ്ച് പൈസയില്ല. വിശപ്പും സഹിക്കാൻ വയ്യ. ഞാൻ ഹനീഫയുടെ അടുത്ത് ചെന്ന് ചോദിച്ചു, ഹനീഫാ എന്തെങ്കിലും പൈസയുണ്ടോ എനിക്ക് ഭക്ഷണം കഴിക്കാനാണ്, എന്ന്.ഫനീഫ ഒരു ഖുർആന്റെ അകത്ത് നിന്ന് 10 രൂപ എടുത്ത് തന്നു. ഞാൻ പോയി ഭക്ഷണം കഴിച്ച് വന്നു. ഉച്ചഭക്ഷണം കഴിച്ച് തിരിച്ച് വന്നപ്പൊ ഹനീഫ അവിടെ ഉണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോകുന്നില്ലേ എന്ന് ഞാൻ ഹനീഫയോട് ചോദിച്ചു. ഇന്നെന്തോ സുഖമില്ല, കഴിക്കുന്നില്ല എന്ന് പറഞ്ഞു. വൈകുന്നേരം കണ്ടപ്പോഴും ഞാൻ ചോദിച്ചു, ഒന്നും കഴിച്ചില്ലേ എന്ന്.ഇല്ലെടാ, എന്റേൽ അവസാനം ഉണ്ടായിരുന്ന 10 രൂപയാണ് ഞാൻ തനിക്ക് എടുത്ത് തന്നത്, എന്ന് ഹനീഫ പറഞ്ഞു. അങ്ങനെയൊരാൾ മരിക്കുമ്പോൾ കരയാതിരിക്കാനാവുമോ

Related posts