മലയാള സിനിമയിൽ മലബാർ ചുവയുള്ള സംഭാഷണ ശൈലിയിലൂടെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മാമുക്കോയ. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗ വാർത്ത മലയാളക്കര ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ അദ്ദേഹത്തോടൊപ്പം നിരവധി ചിത്രങ്ങളിൽ വേഷമിട്ട ജയറാം ഓർമ്മകൾ പങ്കിട്ട് എത്തിയിരിക്കുകയാണ്. വാക്കുകളിങ്ങനെ. മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് മാമുക്കോയയുടെ വിയോഗം. ഇതിനോടകം തന്നെ നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തോടൊപ്പം നിരവധി ചിത്രങ്ങളിൽ വേഷമിട്ട ജയറാം ഓർമ്മകൾ പങ്കിട്ട് എത്തിയിരിക്കുകയാണ്.
സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ ഇവരൊക്കെയുണ്ടാവും. ഒരു കല്യാണം കൂടാൻ പോയ പോലെയാണ് 35,40 ദിവസം ചെലവഴിക്കുക. എത്രമാത്രം ചിരിക്കുന്ന മുഹൂർത്തങ്ങളാണ് അന്നൊക്കെയുണ്ടായിരുന്നത്. ആ പേരുകളിലെ അവസാനത്തെ പേരും വെട്ടിപ്പോയി. ഇനിയില്ല നമുക്കാരും. ഒരിക്കലും മാമുക്കോയ അഭിനയിക്കുകയാണെന്ന് തോന്നിയിട്ടില്ല. മഴവിൽക്കാവടിയിലെ പോക്കറ്റടിക്കാരൻ, പഴനിയിൽ അങ്ങനെയൊരു പോക്കറ്റടിക്കാരൻ ഉണ്ടെന്നല്ലേ ആർക്കും തോന്നുക. സന്ദേശത്തിലെ രാഷ്ട്രീയക്കാരൻ, അദ്ദേഹമൊരു രാഷ്ട്രീയക്കാരൻ തന്നെയാണെന്ന് തോന്നും. ഞാനദ്ദേഹത്തോട് അത് ചോദിച്ചിട്ടുമുണ്ട്.
കുറച്ച് മുൻപ് സത്യേട്ടനെ വിളിച്ചപ്പോഴും ഇത് തന്നെയാണ് പറഞ്ഞത്. എന്തൊരു നഷ്ടമാണ് മലയാളത്തിന്, ഭയങ്കര വേദനയാണ് മനസിൽ. ഇവരൊന്നും അഭിനയിക്കുകയാണെന്ന് തോന്നില്ല. അത്രയ്ക്ക് നാചുറലായാണ് അവരൊക്കെ അഭിനയിച്ചിരിക്കുന്നത്. മാമുക്കോയ സ്‌ക്രീനിൽ കാണുന്ന ആളേയല്ല പുറത്ത്. അദ്ദേഹം സാധാരണ പച്ചമനുഷ്യനാണ്. വളരെ സീരിയസാണ്. ക്യാമറയ്ക്ക് പുറകിൽ ഇത്തരം തമാശകളൊന്നുമില്ല. വളരെ രാഷ്ട്രീയമായി കാര്യങ്ങളെ നോക്കിക്കാണുകയും ചുറ്റുപാടിനെ കുറിച്ച് വ്യക്തമായ ധാരണയൊക്കെയുള്ള മനുഷ്യനായിരുന്നു അദ്ദേഹം.