മലയാളത്തിന്റെ സ്വന്തം മാമൂക്കോയ അന്തരിച്ചു

മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. മലയാള സിനിമയിൽ നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടനാണ് മാമുക്കോയ. വളരെ ലളിതമായ രീതിയിൽ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് പ്രത്യേക കഴിവ് തന്നെ ഉണ്ട്.

മലബാർ ഭാഷയിലുള്ള വർത്തമാനങ്ങളായിരുന്നു പ്രധാനമായും അദ്ദേഹത്തിൻ്റെ ഹൈലൈറ്റ്. അതുകൊണ്ട് തന്നെ കാലം ഇത്ര പിന്നിട്ടെങ്കിലും അന്ന് മാമുക്കോയ അവതരിപ്പിച്ച പല കഥാപാത്രങ്ങളും ഇന്നലെകളിലെന്ന പോലെ ഇപ്പോഴും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുകയാണ്. ഒരു കാലത്ത് മികച്ച കൗണ്ടറുകൾ മലയാള സിനിമ കണ്ടത് മാമുക്കോയ എന്ന നടനിലൂടെയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ട്രോളുകളായി ആഘോഷിക്കപ്പെടുന്ന പല കോമഡികളും മാമുക്കോയ എന്ന നടൻ്റെ സംഭാവനയാണ്.

പൂങ്ങോട് ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മാമുക്കോയ കുഴഞ്ഞുവീണത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം ആരോ​ഗ്യനില ​ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് വിദ​ഗ്ദ ചികിത്സയ്ക്കായി മാറ്റി. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിൽ രക്തസ്രാവവും കൂടിയതാണ് താരത്തിന്റെ നില അതീവ ​ഗുരുതരമാക്കിയത്. മത്സരത്തിന് മുന്നോടിയായി മാമുക്കോയ മൈതാനത്ത് എത്തിയിരുന്നു. ആരാധകർ ചുറ്റും കൂടി ഫോട്ടോയെടുത്തു. അതിനിടയിൽ ശരീരം വിയർത്ത് തളർച്ചയുണ്ടായതിനെത്തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Related posts