മാമുക്കോയ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. മലയാള സിനിമയില്‍ വർഷങ്ങളായി സജീവ സാന്നിധ്യമാണ് മാമുക്കോയ. മാമുക്കോയ ഒരു പ്രധാന കഥാപാത്രത്തത്തെ അവതരിപ്പിച്ചു അടുത്തിടെ പുറത്ത് ഇറങ്ങിയ ചിത്രമാണ് ‘കുരുതി’. ഈ ചിത്രത്തിലെ അദ്ദേഹത്തിൻ്റെ കഥാപാത്രം വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാമുക്കോയ എന്ന പേര് മലയാളികള്‍ ശ്രദ്ധിക്കുന്നത് 1986ല്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലൂടെയാണ്. മാധ്യമപ്രവര്‍ത്തകനായ പ്രേംചന്ദായിരുന്നു ആദ്യമായി മാമുക്കോയയുടെ അഭിമുഖം നടത്തിയത്. ഇപ്പോള്‍ പ്രേംചന്ദ് രംഗത്ത് എത്തിയിരിക്കുന്നത് മാമുക്കോയ എന്ന പേരിന് പിന്നിലെ കഥ വെളിപ്പെടുത്തികൊണ്ടാണ്.
1986 ല്‍ പുറത്തിറങ്ങിയ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന സിനിമ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു മാമുക്കോയയുമായി അഭിമുഖം നടത്തിയത്. അന്ന് മാമുക്കോയുടെ പേര് മാമു തൊണ്ടിക്കോട് ആയിരുന്നു. അങ്ങനെ തന്നെയായിരുന്നു നാട്ടിലും സൗഹൃദ വേദികളിലുമെല്ലാം അറിയപ്പെട്ടിരുന്നത്. പിന്നീട് ആ അഭിമുഖത്തിലൂടെയാണ് അത് മാമുക്കോയ ആയി മാറുന്നത്.
അഭിമുഖം അവസാനിച്ച് പിരിയും നേരം എന്ത് പേരിട്ട് എഴുതി (മാമു, മാമുക്കോയ, മാമു തൊണ്ടിക്കോട്) കൊടുക്കണം എന്ന് ചോദിച്ചപ്പോള്‍ ‘അതൊക്കെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കൊടുക്ക്’ എന്നായിരുന്നു മറുപടി. മുതിര്‍ന്നവര് മാമു എന്ന് വിളിക്കും, കുറേപ്പേര്‍ മാമുക്കോയ എന്ന് വിളിക്കും, നാടകത്തില്‍ മാമു തൊണ്ടിക്കോട് എന്ന് ഇടും ചിലര്‍ എന്നായിരുന്നു മാമുക്കോയ നല്‍കിയ മറുപടി. അഭിമുഖം എഴുതി വന്നപ്പോള്‍ അങ്ങനെ മാമു തൊണ്ടിക്കോട് മാമുക്കോയ ആയി മാറുകയായിരുന്നു. അതേസമയം ആ അഭിമുഖത്തിന് ശേഷം തന്നെ എപ്പോള്‍ കാണുമ്പോഴും മാമുക്കോയ ”ആ ചെക്കനാണ് എന്നെ മാമുക്കോയ ആക്കിയത്” എന്ന് പറയുമായിരുന്നു.- പ്രേംചന്ദ് ഓര്‍ക്കുന്നു.