മംമ്ത മോഹന്‍ദാസ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മയൂഖം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. അഭിനേത്രി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് മംമ്ത. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു സെലിബ്രിറ്റി എന്നതിലുപരി ഏവര്‍ക്കും ഒരു മാതൃകയാണ് നടിയുടെ ജീവിതം. ജീവിതത്തില്‍ തോറ്റ് പോയി എന്ന് കരുതുന്നവര്‍ക്ക് ഒരു പ്രചോദനമാണ് മംമ്ത. ക്യാന്‍സറിനേയും ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളേയും ചിരിച്ച് കൊണ്ട് നേരിട്ട്, സ്വന്തം ജീവിതം ഉയര്‍ത്തുകയായിരുന്നു.
ഇപ്പോഴിതാ, തന്റെ അതിജീവനത്തെ കുറിച്ച് പറയുകയാണ് മംമ്ത. വാക്കുകളിങ്ങനെ, സിനിമയിൽ തിരക്കായി, ഒട്ടേറെ മികച്ച കഥാപാത്രങ്ങളും കൈയിലിരിക്കെയാണ് അർബുദം തേടിയെത്തുന്നത്. രോഗം തിരിച്ചറിയുമ്പോൾ 24 വയസ്സായിരുന്നു. സമപ്രായക്കാരിലും കൂട്ടുകാർക്കുമിടയിൽ എന്റെ രോഗവിവരം ഞെട്ടലിനൊപ്പം അത്ഭുതവുമായിരുന്നു. കൂട്ടുകാർ പലപ്പോഴും മദ്യപാനമോ പുകവലിയോ ചിട്ടയല്ലാത്ത ജീവിതമോ തേടി പോകുമ്പോൾ, എല്ലാറ്റിനോടും നോ പറഞ്ഞ്, ഡയറ്റും പതിവ് വ്യായാമവുമായി ചിട്ടയായ ജീവിതം നയിച്ച എനിക്ക് അർബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവർക്കുമതൊരു വണ്ടറായി, രോഗം ഒരു സത്യമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഡാഡിയും മമ്മിയും പതറാതെ തന്നെ നേരിട്ടു. അവർ നൽകിയ ധൈര്യമാണ് എനിക്ക് മനോവീര്യമേകിയത്. എങ്കിലും, കീമോയും റേഡിയേഷനും അതിന്റെ പാർശ്വഫലങ്ങളും നിറഞ്ഞ ആറുമാസം അത്ര നിസ്സാരമായിരുന്നില്ല. ചികിത്സ കഴിഞ്ഞ് വൈകാതെ സിനിമയിൽ തിരിച്ചെത്തി. അപ്പോൾ ചെയ്ത സിനിമയായിരുന്നു കഥ തുടരുന്നു.
2014ൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ അർബുധം വീണ്ടും വന്നത് തന്നെ തളർത്തി. കൂടുതൽ ശക്തമായിരുന്നു ആ വരവ്, കടുത്ത വേദനയും ശാരീരിക അവശതകളും കാരണം പോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങാൻ തന്നെ തീരുമാനിച്ചു. 2009 ൽ തുടങ്ങിയ മല്ലിടൽ ഇനി മുന്നോട്ടുപോവില്ലെന്ന് ഉറപ്പിച്ചു. വേദനകളിൽ നിന്നും ദൈവം തിരിച്ചുവിളിക്കട്ടെയെന്ന് എല്ലാ രാത്രികളിലും ആത്മാർഥമായി പ്രാർഥിച്ചു. അവസാനിപ്പിച്ച് ഞാൻ മടങ്ങിയാലെങ്കിലും മാതാപിതാക്കൾക്ക് ഒരു സാധാരണ ജീവിതം സാധ്യമാവുമല്ലോ.