മംമ്ത മോഹന്‍ദാസ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മയൂഖം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. അഭിനേത്രി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് മംമ്ത. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു സെലിബ്രിറ്റി എന്നതിലുപരി ഏവര്‍ക്കും ഒരു മാതൃകയാണ് നടിയുടെ ജീവിതം. ജീവിതത്തില്‍ തോറ്റ് പോയി എന്ന് കരുതുന്നവര്‍ക്ക് ഒരു പ്രചോദനമാണ് മംമ്ത. ക്യാന്‍സറിനേയും ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളേയും ചിരിച്ച് കൊണ്ട് നേരിട്ട്, സ്വന്തം ജീവിതം ഉയര്‍ത്തുകയായിരുന്നു. ക്യാന്‍സര്‍ എന്ന മഹാമാരിയെ രണ്ട് പ്രാവശ്യമാണ് മംമ്ത പോരാടി തോല്‍പ്പിച്ചത്. ലിംഫോമ എന്ന അര്‍ബുദം 2009ലാണ് ആദ്യമായി മംമ്തയെ പിടികൂടുന്നത്. സിനിമയില്‍ തിളങ്ങി വരുന്ന സമയത്തായിരുന്നു ഇത്. ഏഴ് വര്‍ഷത്തോളം പോരാടി. രണ്ട് വര്‍ഷം സിനിമയില്‍ നിന്നും മംമ്ത വിട്ടു നിന്നു. ഈ കാലഘട്ടത്തിലായിരുന്നു വിവാഹ മോചനം ഉള്‍പ്പെടെയുള്ള സംഭവങ്ങളും നടിയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2013ല്‍ വീണ്ടും ക്യാന്‍സര്‍ രോഗം നടിയുടെ ജീവിതത്തിലെത്തി. എന്നാല്‍ രണ്ടാമതെത്തിയ ക്യാന്‍സറിനെയും മംമ്ത തന്റെ മനോധൈര്യം കൊണ്ട് നേരിട്ട് തോല്‍പ്പിച്ചു. ഇക്കാലയിളവില്‍ നടി പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി. യുഎസില്‍ നിരന്തരമായ അര്‍ബുദ ചികിത്സയ്ക്ക് വിധേയയായ മംമ്ത 2016ല്‍ എഫ്ഡിഎ നടത്തിയ നിവോലുമാബ് മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെയും ഭാഗമായി. ഹോഡ്കിന്‍ ലിംഫോമ രോഗികളുടെ ചികിത്സയ്ക്കായി വികസിപ്പിച്ചതാണ് നിവോലുമാബ്. ഈ ചികിത്സ വിജയമായതോടെ അര്‍ബുദത്തിനെതിരെ ഏഴു വര്‍ഷം നീണ്ട മംമ്തയുടെ പോരാട്ടം അവസാനിച്ചു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് മംമ്തയുടെ വാക്കുകളാണ്. ജീവിതം ആസ്വദിക്കാനുള്ളതാണെന്നും അത് നമ്മളെ ഓര്‍മ്മിപ്പിക്കാന്‍ അര്‍ബുദം പോലുള്ള എന്തെങ്കിലും പ്രതിസന്ധികള്‍ക്കായി കാത്തിരിക്കരുതെന്നും മംമ്ത പറയുന്നത്. ഈ വര്‍ഷം കൂടുതല്‍ ആരോഗ്യത്തോടെയും കരുണയോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ സാധിക്കട്ടേയെന്ന് മംമ്ത ആശംസിക്കുന്നു. ഓരോ ദിവസവും പരമാവധി വിനിയോഗിക്കുമെന്നും ജീവിതത്തോട് കൃതജ്ഞതയുള്ളവരായിരിക്കുമെന്നും സ്വയം പ്രതിജ്ഞ ചെയ്യാനും ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ മംമ്ത കുറിച്ചു. നമ്മളെടുക്കുന്ന ഓരോ ശ്വാസവും നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പുതിയ അവസരമായി എടുക്കണമെന്നും ഇതിനെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും മംമ്ത കുറിപ്പില്‍ പറയുന്നു. നടിയ്ക്ക് ആശംസയുമായി ആരാധകരും രംഗത്ത് എത്തുന്നുണ്ട്.