ഒരുപാട് സിനിമാതാരങ്ങൾക്ക് കോവിഡ് സമയത്ത് മാസങ്ങളോളം വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ ഒരു താരമാണ് മമ്മൂട്ടി. 275 ദിവസം വീട്ടിലിരുന്നത്തിന് ശേഷം അടുത്തിടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. കോവിഡ് കാരണം അദ്ദേഹത്തിന്റെ ഒരുപാട് സിനിമകളുടെ റിലീസും ചിത്രീകരണവുമാണ് നീണ്ടുപോയത്. മെഗാസ്റ്റാറിന്റെ ഒരു സിനിമ ഏറെ നാളുകൾക്ക് ശേഷമാണ് ഈ അടുത്ത് പുറത്തിറങ്ങിയത്.
മമ്മൂട്ടി ഒരു അഭിമുഖത്തിൽ കോവിഡ് കാലത്ത് 275 ദിവസം വീട്ടിലിരുന്നതിന് ശേഷം പുറത്തിറങ്ങിയതിന്റെ അനുഭവം പങ്കുവെച്ചിരുന്നു. ഇത്രയും നാളുകൾ കഴിഞ്ഞു വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എന്തെങ്കിലും പുതിയ ഒരു കാര്യം ചെയ്യണമെന്നുണ്ടായിരുന്നു എന്നും അതുകൊണ്ട് താൻ സുഹൃത്തുക്കൾക്കൊപ്പം ഒരു സവാരി നടത്തിയെന്നും ശേഷം കടയിൽ നിന്നും കട്ടൻ ചായയും കുടിച്ചാണ് വീട്ടിലേക്ക് മടങ്ങിയതെന്നും മമ്മൂക്ക അഭിമുഖത്തിൽ പറഞ്ഞു.
കോവിഡിന് ശേഷം താൻ ആദ്യമായി ചെയ്ത കാര്യം അതായിരുന്നുവെന്നും തനിക്ക് കോവിഡ് കാലം വ്യത്യസ്തമായൊരു അനുഭവമായിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു. വേറൊരുതരം അനുഭവമാണ് ആരെയും നേരിൽക്കണ്ട് സംസാരിക്കാൻ കഴിയാതെ ഇരിക്കേണ്ടി വരിക എന്നത്. ഇത്രയും ദിവസം പുറത്തിറങ്ങാതെ താൻ വീട്ടിൽ തന്നെയിരുന്നുവെന്നത് ഇപ്പോൾ ആലോചിക്കുമ്പോൾ വലിയൊരു അനുഭവമായി തോന്നുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം മമ്മൂട്ടിയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. മെഗാസ്റ്റാറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന അടുത്ത ചിത്രം മമ്മൂട്ടി മുഖ്യമന്ത്രിയുടെ റോളിൽ എത്തുന്ന വൺ ആണ്. സിനിമയുടെ ട്രെയിലർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. അതിനു ശേഷം എത്തുക അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വമാണ്. വർഷങ്ങൾക്ക് ശേഷമാണ് സംവിധായകൻ അമൽ നീരദും മമ്മൂട്ടിയും ഒരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നത്.