മലയാള സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ അഭിനയമികവുകൊണ്ട് മലയാളത്തിന്റെ മുഖമുദ്രയായി മാറിയ നടനാണ് അദ്ദേഹം. 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയ രംഗത്തേക്ക് അദ്ദേഹം കടന്നുവന്നത്.പിന്നീട് നിരവധി ചിത്രങ്ങളിൽ അദ്ദേഹം നായകനായും സഹനടനായും പ്രതിനായക വേഷങ്ങളിലുമായി മലയാളി പ്രേക്ഷകരുടെ മമ്മൂക്കയായി മാറി . ദേശിയ സംസ്ഥാന അവാർഡുകൾ നിരവധി തവണ കരസ്ഥമാക്കിയ നടനാണ് അദ്ദേഹം. അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞാലോ ?
മമ്മൂട്ടി നായകനാകുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിനോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിലാണ് സംഭവം. അഭിയമല്ലാതെ മറ്റേതെങ്കിലും മേഖലയിലേക്ക് തിരിയാന്‍ താൽപര്യമുണ്ടോ എന്ന ചോദ്യത്തിന് മമ്മൂക്ക പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ല. അത് ആദ്യം നേരേയാവട്ടെ എന്നിട്ട് സംവിധാനവും ബാക്കിയുള്ള കാര്യങ്ങളുമൊക്കെ നോക്കാമെന്നായിരുന്നു താരം നൽകിയ മറുപടി. ഒപ്പം ഇനി വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചും താരം വ്യക്തമാക്കി . ഷൈലോക്ക് ആണ് താരത്തിന്റെയതായി അവസാനം പുറത്ത് വന്ന ചിത്രം.
മമ്മൂട്ടി തൻറെ കരിയറിൽ തന്നെ ആദ്യമായി ഒരു പുരോഹിതനായി എത്തുന്നതാണ് പ്രീസ്റ്റിന്റെ ആകർഷണം . ഒപ്പം ആദ്യമായി മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിക്കുന്നു എന്നുള്ളത് ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇവർക്ക് പുറമെ ബാലചന്ദ്ര മേനോൻ , ജോജു ജോർജ്,സിദ്ദിഖ്, മുരളി ഗോപി, നിമിഷ സജയൻ, സാനിയ ഇയ്യപ്പൻ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദി പ്രീസ്റ്റിനു പുറമെ സന്തോഷ് വിശ്വനാഥ് ചിത്രം വൺ,അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.