അഭിനയരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട് മമ്മൂട്ടി: താരത്തിന് സംസ്ഥാന സർക്കാറിന്റെ ആദരവ്!

മലയാളത്തിന്റെ അഭിനയകുലപതിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. താരം സിനിമയില്‍ 50 വർഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സിനിമാമേഖലയിൽ അരനൂറ്റാണ്ട് പിന്നിട്ട നടനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. നിയമസഭയില്‍ സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാനാണ് ഇത് അറിയിച്ചത്. മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത് ഈ മാസം ആറിനാണ്. 1971 ഓഗസ്റ്റ് ആറിനായിരുന്നു മമ്മൂട്ടിയുടെ ആദ്യചിത്രമായ അനുഭവങ്ങള്‍ പാളിച്ചകള്‍ തിയേറ്ററിൽ പ്രദർശനം ആരംഭിച്ചത്.

ആഗസ്റ്റ് ആറിന് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരും താരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ആശംസകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം നന്ദി അറിയിച്ചിരുന്നു. ഓരോരുത്തരില്‍ നിന്നുമുള്ള ഈ സ്‍നേഹം എന്നെ കീഴടക്കിയിരിക്കുന്നു. എന്‍റെ സഹപ്രവര്‍ത്തകരും എല്ലായിടത്തുനിന്നുമുള്ള ആരാധകരും, നിങ്ങള്‍ ഓരോരുത്തരോടും നന്ദി എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ബിഗ് ബിക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന ഭീഷ്‍മ പര്‍വ്വം, നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന പുഴു എന്നിവയാണ് അദ്ദേഹത്തിന്റേതായി വരാനുള്ള പുതിയ ചിത്രങ്ങൾ.

Related posts