മലയാളം സാഹിത്യത്തിൽ കിരീടം വയ്ക്കാത്ത രാജാവാണ് വൈക്കം മുഹമ്മദ് ബഷീർ. ബേപ്പൂർ സുൽത്താൻ എന്നാണ് അറിയപ്പെട്ടിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ 27-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മമ്മൂട്ടി. മരണശേഷവും എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് ബഷീറെന്ന് മമ്മൂട്ടി പറഞ്ഞു.
നമ്മുടെ ബേപ്പൂര്‍ സംഘടിപ്പിക്കുന്ന ബഷീര്‍ സ്മൃതിയ്ക്ക് വേണ്ടി ഫേസ്ബുക്ക് വീഡിയോയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. മണ്‍മറഞ്ഞ് പോയി 27 വര്‍ഷം കഴിഞ്ഞിട്ടും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഒരു എഴുത്തുകാരനാണ് ബഷീര്‍. വൈക്കം എന്റെ കൂടെ ജന്മനാടാണ്. ഞാനും വൈക്കം മുഹമ്മദ് ബഷീറുമല്ലാതെ ഒരുപാട് പ്രഗത്ഭരായ എഴുത്തുകാരും കലാകാരന്‍മാരും വൈക്കത്ത് വേറെയുണ്ട്,’ മമ്മൂട്ടി പറയുന്നു.
ഒരു പക്ഷെ എഴുത്തുകാരനായിരുന്നെങ്കില്‍ താന്‍ വൈക്കം മുഹമ്മദ് കുട്ടിയായേനെയെന്നും മമ്മൂട്ടി പറഞ്ഞു.‘ഞാന്‍ എപ്പോഴും ഒരു വായനക്കാരനായിരുന്നു. ബഷീറിന്റെ എഴുത്തുകള്‍ വായിക്കാറുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് അദ്ദേഹത്തിന്റെ മൂന്ന് കഥാപാത്രങ്ങളെ ചെയ്യാനും സാധിച്ചു,’ മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ബഷീറിന്റെ മതിലുകള്‍, ബാല്യകാലസഖി എന്നീ കൃതികള്‍ സിനിമയാക്കിയപ്പോള്‍ മമ്മൂട്ടിയായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.