ജനങ്ങളുടെ കാശ് മുടക്കി ഒരു ആദരവും വേണ്ട! ജനശ്രദ്ധ നേടി മമ്മൂട്ടിയുടെ വാക്കുകൾ

മലയാള സിനിമയിലെ താര രാജാവാണ് മമ്മൂട്ടി. മലയാള സിനിമയിൽ 50 വർഷം പൂർത്തിയാക്കി തന്റെ വിജയഗാഥ തുടരുകയാണ് മമ്മൂട്ടി എന്ന മഹാനടൻ. നിരവധി പേരാണ് താരത്തിന്റെ ഈ നേട്ടത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചെത്തിയത്. മലയാള സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ താരത്തെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നു എന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ മമ്മൂട്ടി തന്നെ നടത്തിയ പ്രതികരണമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ജനങ്ങളുടെ പണം മുടക്കി ഒരു ആദരവും തനിക്ക് വേണ്ട എന്നാണ് താരം പറഞ്ഞത്. നിര്‍മാതാവ് ബാദുഷയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. താന്‍ മമ്മൂട്ടിയുടെ വീട്ടില്‍ പോയി സംസാരിച്ചുകൊണ്ടിരിക്കവെയാണ് മന്ത്രി സജി ചെറിയാന്‍ അദ്ദേഹത്തെ വിളിച്ചത്. മമ്മൂട്ടിയുടെ പ്രതികരണം കേട്ടപ്പോള്‍ അദ്ദേഹത്തോട് ബഹുമാനം തോന്നിയെന്നും ബാദുഷ പറയുന്നു.

ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റ്, ഇന്ന് മനസിന് ഏറെ കുളിര്‍മയും സന്തോഷവും നല്‍കുന്ന ഒരു സംഭവമുണ്ടായി. ഞാനും ആന്റോ ചേട്ടനും ( ആന്റോ ജോസഫ് ) പതിവു പോലെ വൈകിട്ട് മമ്മുക്കയുടെ വീട്ടില്‍ പോയി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മുക്കയ്ക്ക് ഒരു ഫോണ്‍ വിളി എത്തുന്നത്. ഫോണിന്റെ അങ്ങേ തലയ്ക്കല്‍ ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സാര്‍ ആയിരുന്നു അത്.

മമ്മുക്ക സിനിമയില്‍ എത്തിയതിന്റെ 50ാം വര്‍ഷത്തില്‍ സര്‍ക്കാര്‍ വലിയ ഒരു ആദരവ് നല്‍കുന്നത് സംബസിച്ച് പറയാനായിരുന്നു മന്ത്രി വിളിച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ മറുപടിയാണ് എന്നെ സന്തോഷവാനാക്കിയത്. ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് എനിക്കു വേണ്ട, നിങ്ങള്‍ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയില്‍ സ്വീകരിക്കാം എന്നായിരുന്നു മറുപടി. ഈ കൊവിഡ് കാലത്ത് മമ്മൂക്ക കാണിക്കുന്ന ശ്രദ്ധയില്‍ അദ്ദേഹത്തോട് വലിയ ആദരവ് തോന്നുന്നു. മമ്മുക്കയ്ക്ക് സല്യൂട്ട്. ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരുമാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നതും തങ്ങളുടെ മമ്മൂട്ടി അനുഭവങ്ങള്‍ പങ്കുവച്ചതും.

Related posts