മലയാള സിനിമയിലെ സുൽത്താനാണ് മമ്മൂട്ടി. ജൂനിയർ താരമായി എത്തി പിന്നീട് മലയാളം സിനിമ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി അദ്ദേഹം മാറി. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂക്കയുടേത്. വാഹനങ്ങൾ, പുത്തൻ ക്യാമറകൾ, ഫോണുകൾ എന്നിവയോടെല്ലാം മമ്മൂട്ടിയുടെ ക്രേസ് പ്രശസ്തമാണ്.
ഇപ്പോഴിതാ സ്മാർട്ട് ഫോൺ എത്തിക്കാൻ നൂതന പദ്ധതിയുമായി എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം സ്മാർട്ട്‌ഫോൺ ഇല്ലെന്ന കാരണത്താൽ വഴിമുട്ടിയ വിദ്യാർത്ഥികൾക്ക് കരുതലാവുകയാണ് നടന്റെ ഇടപെടൽ. വീടുകളിൽ വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകൾ ഇത്തരം കുട്ടികൾക്ക് കൈമാറാണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന. വിദ്യാമൃതം എന്നാണ് പുതിയ പദ്ധതിയുടെ പേര്. തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
കുറിപ്പിങ്ങനെ, സ്മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്മാർട്ട് ഫോൺ,ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു.