കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മമ്മൂട്ടി മികച്ച നടനായും വിൻസി അലോഷ്യസ് മികച്ച നടിയയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ചില വിവാദങ്ങളും ഉയർന്നു വന്നിരുന്നു. മികച്ച ബാലതാരത്തിനുള്ള അവാർഡിൽ നിന്ന് മാളികപ്പുറം എന്ന സിനിമയിൽ അഭിനയിച്ച ദേവനന്ദയെ ജൂറി അവഗണിച്ചുവെന്ന ആക്ഷേപം ശക്തമാകുകയാണ്. സിനിമ മേഖലയ്ക്കുള്ളിൽ പോലും ഇത്തരം വിമർശനം ഉയർന്നു വന്നു.
എന്നാൽ വിമർശനങ്ങൾക്കിടയിലും ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ദേവനന്ദ പ്രതികരിച്ചു. പുരസ്‌കാരം ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ച തന്മയ സോളിനെ അഭിനന്ദിക്കുന്നു. ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കേ പുരസ്‌കാരം നല്‍കാനാകൂ. ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നുമാണ്’ ദേവനന്ദയുടെ പ്രതികരണം.
തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പല്ലൊട്ടി നയന്റീസ് കിഡ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം ലഭിച്ചത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിനാണ് തന്മയക്ക് പുരസ്‌കാരം ലഭിച്ചത്. ദേവനന്ദയെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തുന്നുണ്ട്.