മഹേഷ് നാരായണൻ സംവിധാനം നിർവഹിച്ച് ഫഹദ് ഫാസിൽ നായകനാകുന്ന മാലിക് എന്ന ചിത്രം ആമസോണ്‍ പ്രൈമിൽ റിലീസായി. ചിത്രം റിലീസ് ചെയ്തത് ബുധനാഴ്ച രാത്രി 10 മണിക്കു ശേഷമാണ്. 2 മണിക്കൂര്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം നിർമിച്ചിരിക്കുന്നത് ആന്റോ ജോസഫ് ആണ്. ഫഹദ് ഫാസിലിനൊപ്പം നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ജലജ, ജോജു ജോര്‍ജ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ഇതിനോടകം ചിത്രത്തിന് ലഭിക്കുന്നത്. ഫഹദിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മാലിക് തിയറ്റര്‍ റിലീസ് ലക്ഷ്യമാക്കി ഡിസൈന്‍ ചെയ്യപ്പെട്ട സിനിമയായിരുന്നു. ചിത്രം മെയ് 13 റിലീസ് ചെയ്യാൻ ആദ്യം പ്ലാന്‍ ചെയ്‍തിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അത് നടക്കാതെപോയി. കൊവിഡ് രണ്ടാംതരംഗം നീണ്ടുപോകുന്ന സാഹചര്യത്തില്‍ സാമ്പത്തികപ്രതിസന്ധിയില്‍ നിന്നു രക്ഷനേടാന്‍ നിര്‍മ്മാതാവ് ഒടിടി റിലീസിനെ ആശ്രയിക്കുകയായിരുന്നു.
ചിത്രത്തിന്റെ തിരക്കഥ, സംവിധാനം, എഡിറ്റിംഗ് തുടങ്ങിയവ മഹേഷ് നാരായണന്‍ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ഫഹദ് ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി 15 കിലോ ശരീരഭാരം കുറച്ചിരുന്നു. 2019 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. സാനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രാഹകന്‍. സംഗീതം സുഷിന്‍ ശ്യാം. നൃത്തസംവിധാനം ഷോബി പോള്‍രാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സജിമോന്‍ വി പി. ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, ദേവകി രാജേന്ദ്രന്‍, ദിവ്യ പ്രഭ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിത്.