പാട്ട് കേട്ടു തുടങ്ങിയാൽ പിന്നെ നിർത്താൻ കഴിയില്ല! മാലിക്കിലെ ആദ്യ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

മഹേഷ് നാരായണൻ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാലിക്. സംഗീത ആസ്വാദകരുടെ മനം നിറച്ചുകൊണ്ട് മാലിക്കിലെ ഗാനം എത്തിയിരിക്കുകയാണ്. യൂട്യൂബ് ട്രെൻഡിങ്ങിൽ ആദ്യ പത്തിലാണ് തീരമേ എന്ന് തുടങ്ങുന്ന ഗാനം. പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത് അൻവർ അലിയാണ്. കെ എസ് ചിത്രയും സൂരജ് സന്തോഷും ചേർന്നാലപിച്ച പാട്ടിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്.

യൂട്യൂബിൽ വീഡിയോക്ക് നിരവധിപേരാണ് കമന്റ്റ് ചെയ്തിരിക്കുന്നത്. ഗാനം കേൾക്കുന്ന കൂടുതൽ ആരാധകരും കമന്റ് ചെയ്തിരിക്കുന്നത് കെ.എസ് ചിത്രയുടെ ശബ്‌ദമാധുര്യത്തെക്കുറിച്ചാണ്. ചിത്ര ചേച്ചിയുടെ പ്രായം പാട്ടിന് ഒരു തടസ്സമല്ലെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ഏത് പാട്ടും അനായാസമായി പാടാൻ ചിത്രക്ക് കഴിയുമെന്നാണ് ഒരു ആരാധകന്റെ കമന്റ്. പാട്ട് കേട്ടു തുടങ്ങിയാൽ പിന്നെ നിർത്താൻ കഴിയില്ലെന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.

അൻവറിക്കാടെ ജീവനുള്ള വരികൾ, ഇങ്ങനെയൊന്നും വരികളായെഴുതരുത് എന്ന മനോഹരമായ കമന്റുകളും വീഡിയോക്ക് താഴെ കാണാം. ഒരുപാട് പേർ സുഷിൻ ശ്യാമിന്റെ സംഗീതത്തിനും കയ്യടിക്കുന്നുണ്ട്. ലിറിക് വീഡിയോ ആയി പുറത്തിറക്കിയിരിക്കുന്ന ഗാനത്തിൽ നിമിഷയുടെയും ഫഹദ് ഫാസിലിന്റെയും സ്റ്റില്ലുകളാണ് ഉള്ളത്.

Related posts