മിനിസ്‌ക്രീൻ സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മേഘ്‌ന വിൻസെന്റ്. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. അടുത്തിടെ നവമാധ്യമങ്ങളിൽ അടക്കം ചർച്ച ചെയ്യപ്പെട്ട ഒന്നാണ് നടിയുടെ വിവാഹ മോചന വാർത്തകൾ. ഇപ്പോൾ മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ് എന്ന യുട്യൂബ് ചാനലിൽ താരം സജീവമാണ്. വീണ്ടും താരം അഭിനയിക്കാൻ എത്തുകയാണെന്നുള്ള വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. മേഘ്‌ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ്. നായകനായെത്തുന്നത് നടൻ ഷാനവാസ് ആണ്.
പ്രേക്ഷകരോട് ആദ്യം തന്നെ പറയാനുള്ളത് ഞാൻ അവരെ പ്രേക്ഷകർ എന്നൊന്നും പറയില്ല എന്നതാണ്. അവരെ എന്റെ കൂട്ടുകാർ എന്നുവേണം പറയാൻ. കാരണം ഏത് സമയത്തും നമ്മളുടെ ഒപ്പം നിൽക്കുന്ന ആളുകളാണല്ലോ നമ്മുടെ കൂട്ടുകാർ. അതുപോലെ തന്നെ എന്റെ ഏതൊരു സമയത്തും ഏതൊരു സംരംഭം കൊണ്ടു വന്നാലും രണ്ടുകൈയും നീട്ടി അവരെന്നെ സ്‌നേഹിക്കുകയും സ്വീകരിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതുപോലെ തന്നെ ആ ഒരു സ്‌നേഹം ഈ പ്രോജക്ടിലും ഞാൻ പ്രതീക്ഷിക്കുന്നു.
വീണ്ടും ഷാനവാസ് ഇക്കയ്ക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട്. ഇക്ക മാത്രമല്ല, വലിയൊരു താരനിര തന്നെ സീരിയലിലുണ്ട്. ഈ ലൊക്കേഷനിൽ പൊന്നമ്മ ആന്റിയുടെയും (പൊന്നമ്മ ബാബു) മറ്റുള്ളവരുടെയുമൊക്കെ കൂടെ ഒരേ സ്‌ക്രീനിൽ എത്താൻ കഴിഞ്ഞത് ഭാഗ്യവും ദൈവാനുഗ്രഹവുമായിട്ടാണ് ഞാൻ കരുതുന്നു എന്നും മേഘ്‌ന പറഞ്ഞു.