കോവിഡ് കാലത്ത് നിർത്തിവെക്കേണ്ടി വന്ന തീവണ്ടിയിലെ സിനിമാ ഷൂട്ടിങ് വീണ്ടും തുടങ്ങി. തീവണ്ടിയിലും റെയിൽവേ സ്റ്റേഷനുകളിലും സിനിമാക്കാർ വീണ്ടും എത്തിത്തുടങ്ങിയത് കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞതോടെയാണ്. ലൊക്കേഷൻ മാനേജർമാർ റെയിൽവേയെ സമീപിച്ച് പാതിനിർത്തി ബാക്കിയായ ഷോട്ടുകൾ പൂർത്തീകരിക്കാനും അനുവാദം നേടി. വെയിൽവേ യാത്രാതടസ്സം വരാത്തരീതിയിലാണ് ഇപ്പോൾ ഷൂട്ടിങ് അനുവദിക്കുന്നത്. ഈ വർഷം മൂന്ന് സിനിമകളാണ് പാലക്കാട് ഡിവിഷനിൽ ഷൂട്ട് ചെയ്തത്. പാലക്കാടും മുതലമടയിലും വെച്ചാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചത്. ചിത്രത്തിലെ പ്രധാന താരങ്ങൾ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ്.
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ആറാട്ടിന്റെ ഭാഗങ്ങൾ പാലക്കാട് ടൗണിൽ ചിത്രീകരിച്ചു. ഫെബ്രുവരിയിൽ വാളയാറിൽ ചിത്രീകരിച്ച തമിഴ് സിനിമയുടെ ക്ലൈമാക്സ് ഏപ്രിലിൽ ചിത്രീകരിക്കും. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മനോജ് ബീഥയാണ്. തിരുവനന്തപുരം ഡിവിഷനിൽ രണ്ട് സിനിമാ ഷൂട്ടിങ്ങാണ് കോവിഡ് വ്യാപനം കുറഞ്ഞതിനുശേഷം നടന്നത്. ആലുവയിലും പരിസരത്തുമായി കെ.എസ്.എഫ്.ഡി.സി.യുടെ ചെറുചിത്രമാണ് ചിത്രീകരിച്ചത്. റെയിൽവേ അധീനതയിലുള്ള മൺറോതുരുത്തിലും കൊല്ലത്തും ചിത്രീകരണം നടന്നു. കൂടുതലും ഷൂട്ടിങ് അനുവദിക്കുന്നത് തൃശ്ശൂർ-ഗുരുവായൂർ, എറണാകുളം-കൊല്ലം സെക്ഷനുകളിലാണ്. ഈ റൂട്ടിൽ തീവണ്ടി ഓട്ടം കുറവായതിനാലാണ് ഇത്. ഇപ്പോൾ തീവണ്ടി ഓട്ടമില്ലാത്ത കൊച്ചിൻ ഹാർബർ ടെർമിനസിനും ആവശ്യക്കാർ ഒരുപാടാണ്.
മുതലമടയും അങ്ങാടിപ്പുറവും ഇതിനോടകം ഒരുപാട് സിനിമകളിലെത്തി. മറുനാടൻ ഗ്രാമീണ സ്റ്റേഷനായി വേഷം മാറിയത് നിരവധി സ്റ്റേഷനുകളാണ്. കോട്ടയത്ത് വെച്ച് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പ്രതി പവൻകോഴിയുടെ ചില സീനുകൾ ചിത്രീകരിച്ചിരുന്നു. റെയിൽവേയ്ക്ക് നല്ലൊരു വരുമാനമാണ് സിനിമാ ചിത്രീകരണത്തിന് അനുമതി നൽകുക വഴി ലഭിക്കുന്നത്. 25,000 രൂപയാണ് ചെറിയ സ്റ്റേഷനുകളുടെ ഒരു ദിവസത്തെ വാടക. തീവണ്ടി വേണമെങ്കിൽ അഞ്ചുലക്ഷം രൂപ അടയ്ക്കണം. ഷൂട്ടിങ്ങിനായി യാത്രാവണ്ടികൾക്ക് പുറമെ ചരക്കുവണ്ടികളും നൽകുന്നുണ്ട്.