ലോകം മുഴുവനും കൊറോണ എന്ന മഹാമാരിയിൽപ്പെട്ട് ആടിയുലഞ്ഞത് നാം നേരിട്ട് അനുഭവിച്ചതാണ്. നമ്മുടെ കൊച്ചു കേരളവും കോവിഡ് 19 നെ പ്രതിരോധിക്കുവാൻ ലോക്ക്ഡൗൺ ഉൾപ്പടെ നിരവധി മാർഗ്ഗങ്ങൾ പ്രയോഗിച്ചതും നാം കണ്ടതാണ്. ഈ കാലയളവിൽ കൃഷിയിലേക്കും അടുക്കള തോട്ടങ്ങളിലേക്കും തിരിഞ്ഞവർ നിരവധിപേർ നമ്മുക്ക് ചുറ്റുമുണ്ട്. തങ്ങളുടെ വീട്ടുവളപ്പിലും ടെറസ്സിലും ഒക്കെയായി സാധാരണക്കാർ മുതൽ സിനിമ താരങ്ങൾ വരെ പച്ചക്കറികളും പഴങ്ങളും ഒക്കെ നട്ടു വളർത്തുന്നത് നമ്മൾ കണ്ടിരുന്നു. ലാലേട്ടനും, ഉണ്ണി മുകുന്ദനും തുടങ്ങി നിരവധിപേരാണ് കൃഷിയിലേക്ക് എത്തിയത്. ഇപ്പോഴിതാ ആ പട്ടികയിലേക്ക് ഒരു പേര് കൂടെ എഴുതിച്ചേർക്കുകയാണ്. മലയാളം സീരിയൽ രംഗത്തെ മസിൽ മാൻ റോൺസൺ വിൻസെന്റാണ് ആ താരം. തന്റെ അടുക്കളത്തോട്ടത്തിലെ വിശേഷങ്ങളുമായി താരം തന്നെയാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ തന്റെ പറമ്പിലൂടെ ഓരോ വിളയുടേയും പാകവും മറ്റും നോക്കുകയാണ് താരം. കപ്പ, ജാതിക്ക, വാഴ, പയർ, പപ്പായ അങ്ങനെ ഒരു കുടുംബത്തിന് വേണ്ട അത്യാവശ്യ സാധനങ്ങൾ ഒക്കെ താരം വീട്ടിൽ തന്നെ കൃഷി ചെയ്യുന്നുണ്ട്. ഇനീപ്പോ ഒരു മാസത്തേക്ക് ഒരു ലോക്ക്ഡൗൺ വന്നാലും തന്റെ കുടുംബത്തിന് തട്ടീം മുട്ടീം പോകാനുള്ളത് പറമ്പിൽ തന്നെ ഉണ്ട് എന്നാണ് റോൺസന്റെ പക്ഷം.
അഭിനയത്തിന്റെ തിരക്കിനിടയിലും പ്രകൃതിയുടെ ഇണങ്ങി ജീവിക്കുന്ന താരത്തിന് വലിയ കയ്യടി തന്നെയാണ് ആരാധകർ നൽകുന്നത്. കഴിഞ്ഞ ലോക്ക്ഡൗണിനു മൽസ്യകൃഷിയും ഇതുപോലെ പച്ചക്കറികളും ഒക്കെ തന്റെ വീട്ടിൽ തന്നെ വിളവെടുത്തിരുന്നു താരം. ഭാര്യ സീരിയലിലെ നന്ദൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് റോൺസൺ. പിന്നീട് സീത, കൂടത്തായി, അരയന്നങ്ങളുടെ വീട് എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. ഈയിടെ തെലുഗ് സീരിയലിലും ഒരു കൈ നോക്കിയിരുന്നു താരം. ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം രാക്കുയിൽ എന്ന സീരിയലിൽ ഒരു പോലീസ് കഥാപാത്രമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് റോൺസൺ.