മലയാളത്തിന്റെ മസിലാളിയൻ എന്നാണ് ഉണ്ണിമുകുന്ദനെ ആരാധകർ വിളിക്കുന്നത്. യുവനടന്മാരിൽ ഫിറ്റ്നസിൽ ഏറ്റവുമധികം ശ്രദ്ധിക്കുന്ന താരമാണ് ഉണ്ണി എന്നതാണ് അതിനു കാരണവും. തന്റെ ഏറ്റവും പുതിയ ചിത്രമായ മേപ്പടിയാന് വേണ്ടി ഉണ്ണി നടത്തിയ മേക്കോവർ വലിയ ചർച്ചയായതാണ്. ശരീരഭാരം കൂട്ടി കുടവയറൊക്കെ ഉള്ള ഒരാളായാണ് ഉണ്ണി ചിത്രത്തിൽ എത്തുന്നത്. പിന്നീട് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ ശേഷം വർധിപ്പിച്ച ശരീരഭാരം ഉണ്ണി കുറയ്ക്കുകയും ഉണ്ടായി. മൂന്നു മാസത്തിനുള്ളിൽ 16 കിലോയാണ് വർക്കൗട്ടിലൂടെ താരം കുറച്ചത്. ഇപ്പോഴിതാ തന്റെ വർക്കൗട്ട് ചിത്രങ്ങൾക്കൊപ്പം താരം പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്. കഴിഞ്ഞ മൂന്ന് മാസക്കാലമായി ഉണ്ണി സോഷ്യൽ മീഡിയയിലൂടെ നടത്തിയ ഫിറ്റ്നസ് ചാലഞ്ചിനെ പിന്തുണച്ചവർക്കും കൂടെ നിന്നവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്.
‘സ്വയം വിചാരിക്കുന്നതിനേക്കാൾ ശക്തരാണ് നമ്മൾ.അങ്ങനെ 93 ൽ നിന്നും 77 ലേക്ക്. ഈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഈ യാത്രയിൽ എന്നോടൊപ്പം സഞ്ചരിച്ച എല്ലാവർക്കും നന്ദി. ഈ യാത്ര പൂർത്തിയാക്കി ആഗ്രഹിച്ച മാറ്റം നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. നിങ്ങൾ പങ്കുവച്ച ചിത്രങ്ങളും സന്ദേശങ്ങളും എന്നെ ഏറെ പ്രചേദിപ്പിച്ചു. മേപ്പടിയാൻ എന്ന ചിത്രത്തിന് വേണ്ടിയാണ് ശരീരഭാരം ഞാൻ കൂട്ടിയത്. 93 കിലോ ഉണ്ടായിരുന്നു.
മൂന്ന് മാസം കൊണ്ട് 13 കിലോ കുറയ്ക്കുക. അത് ഏറെ കഠിനമായ യാത്രയായിരുന്നു. എനിക്കത് സാധിച്ചുവെങ്കിൽ ആർക്കും അതിന് കഴിയും. ഒന്ന് ഓർക്കുക ശരീരത്തെയല്ല, മനസ്സിനെയാണ് എപ്പോഴും പരുവപ്പെടുത്തേണ്ടത്. എന്താണോ നിങ്ങൾക്ക് വേണ്ടതി അതിനെ മാത്രം മനസിൽ കാണുക, ആ ലക്ഷ്യം നേടാൻ നിങ്ങൾക്കാവുമെന്ന് വിശ്വസിക്കുക. കാരണം ചിന്തകൾ വാക്കുകളും വാക്കുകൾ പ്രവർത്തികളുമായി മാറും എല്ലാവർക്കും നന്ദി. രഞ്ജിത്തിനും എന്റെ പരിശീലകൻ പ്രവീൺ, ബിഫിറ്റ് കൊച്ചി ജിം, കാക്കനാട്, ക്രിസ്റ്റോ സർ , ശ്യാം ബ്രോ, നിങ്ങൾ തന്ന പിന്തുണക്കു നന്ദി ! സ്വപ്നം കാണുക,ലക്ഷ്യം വയ്ക്കുക, നേടുക ! ഇതാണ് എന്റെ മന്ത്രം..അതിലാണ് ഞാൻ ജീവിക്കുന്നത് എന്നാണ് ഉണ്ണിയുടെ വാക്കുകൾ.